ഹാക്കര്‍മാരെ പേടിക്കണം; ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

news image
Dec 6, 2025, 9:34 am GMT+0000 payyolionline.in

കാലിഫോര്‍ണിയ: ഉന്നതരെ ലക്ഷ്യമിട്ടുള്ള ഹാക്കിംഗ് ശ്രമങ്ങളെ കുറിച്ച് പുതിയ മുന്നറിയിപ്പ് നല്‍കി ആപ്പിള്‍ കമ്പനി. 84 രാജ്യങ്ങളിലെ വിവിധ ആപ്പിള്‍ ഡിവൈസ് ഉപയോക്താക്കള്‍ക്കാണ് പുത്തന്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സൈബര്‍ വെല്ലുവിളികളെ കുറിച്ച് ഉപയോക്താക്കളെ ബോധവത്ക്കരിക്കാനും ഹാക്കിംഗ് ശ്രമങ്ങളില്‍ നിന്ന് തടയാനുമാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ആപ്പിള്‍ പറയുന്നു. ഏതൊക്കെ രാജ്യങ്ങളിലെ യൂസര്‍മാര്‍ക്കാണ് ആപ്പിളിന്‍റെ മുന്നറിയിപ്പ് ലഭ്യമായിരിക്കുന്നത് എന്ന വിവരം ലഭ്യമല്ല. ഉപയോക്താക്കളുടെ സ്വകാര്യത മാനിച്ചാണ് ഈ തീരുമാനം എന്നാണ് വിവരം.

ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക

ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ ആപ്പിള്‍ ഡിവൈസുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചേക്കാം എന്ന് ആപ്പിളിന്‍റെ മുന്നറിയിപ്പ് നോട്ടിഫിക്കേഷനില്‍ പറയുന്നു. ഡിസംബര്‍ രണ്ടിനാണ് ഐഫോണുകള്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിംഗ് സംബന്ധിച്ച് പുതിയ മുന്നറിയിപ്പ് കമ്പനി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വളരെ പരിമിതമായ വിവരങ്ങളെ ഈ ഹാക്കിംഗ് ശ്രമത്തെ കുറിച്ച് ആപ്പിള്‍ ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ. എന്നാല്‍ ആരാണ് ഈ സൈബര്‍ ആക്രമണ ശ്രമത്തിന് പിന്നിലെന്നോ എത്രത്തോളം യൂസര്‍മാരെ നിലവിലെ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നോ ആപ്പിള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ഹാക്കിംഗിന് ഇരയാവാന്‍ സാധ്യതയുള്ള യൂസര്‍മാര്‍ക്കാണ് ആപ്പിളിന്‍റെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്. ഇവരെല്ലാം പ്രമുഖ വ്യക്തികളുമാണ് എന്നാണ് സൂചന. സമൂഹത്തില്‍ വലിയ പ്രധാന്യമുള്ള രാഷ്‌ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, നയതന്ത്ര വിദഗ്‌ധര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ തന്നെ വളരെ ചുരുക്കം ആളുകളെ ലക്ഷ്യമിട്ടാണ് ഈ സൈബര്‍ ആക്രമണ ശ്രമം എന്നുറപ്പിക്കാം. ഇവരുടെ സ്വകാര്യതയും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ആപ്പിള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തത്.

സീറോ-ക്ലിക്ക് വൾനറബിലിറ്റികൾ പോലുള്ള അത്യാധുനിക രീതികള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ആക്രമണ ശ്രമം നടത്തുക. വികസിപ്പിക്കാന്‍ വളരെ ചെലവേറിയ ഇത്തരം ടൂളുകള്‍ സാധാരണയായി സാധാരണക്കാരായ ഉപയോക്താക്കള്‍ക്കെതിരെ ഹാക്കര്‍മാര്‍ പ്രയോഗിക്കുന്ന പതിവില്ല.

ഹാക്കിംഗ് വെല്ലുവിളികള്‍ വിട്ടുവീഴ്‌ചയില്ലാതെ ആപ്പിള്‍

ഹാക്കിംഗ് ശ്രമങ്ങളെ തുരത്താന്‍ സ്ഥിരതമായി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ടെക് ഭീമന്‍മാരിലൊരാളാണ് ആപ്പിള്‍. ഗൂഗിളാണ് ഇത്തരത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സ്ഥിരമായി പുറപ്പെടുവിക്കാറുള്ള മറ്റൊരു കമ്പനി. ഹാക്കിംഗ് ശ്രമങ്ങള്‍ കമ്പനിയിലെ ഗവേഷകര്‍ കണ്ടെത്തുമ്പോള്‍ തന്നെ ആപ്പിള്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കാറുണ്ട്. ആപ്പിളിന്‍റെ മുൻകാല മുന്നറിയിപ്പുകളില്‍ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള സംവിധാനങ്ങള്‍ അന്വേഷണം പ്രഖ്യാപിച്ച ചരിത്രമുണ്ട്. യൂറോപ്യൻ യൂണിയനിലെ മുതിർന്ന ഉദ്യോഗസ്ഥരെ മുമ്പ് സ്പൈവെയർ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചതായി കണ്ടെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe