ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനം, ഉരുൾപൊട്ടൽ: വാഹനങ്ങൾ ഒഴുകിപ്പോയി

news image
Aug 23, 2023, 9:05 am GMT+0000 payyolionline.in

ഷിംല: കനത്തമഴയും ഉരുൾപൊട്ടലും ജനജവീതം ദുസ്സഹമാക്കിയ ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനം. സുബതുവിലാണ് മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തത്. ഇരച്ചെത്തിയ വെള്ളത്തിൽ നിരവധി വാഹനങ്ങൾ‌ ഒഴുകിപ്പോയി. ഹിമാചലിൽ ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷിംല–ചണ്ഡ‍ിഗർ ഹൈവേ അടക്കം 200 ൽ അധികം റോഡുകൾ ഗതാഗതയോഗ്യമല്ലാതായി. സംസ്ഥാനത്തു ഇതുവരെ 530 റോഡുകൾ അടച്ചു. സോലൻ ജില്ലയിൽ ചില വീടുകളും തകർന്നു.

ബലാഡ് പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നതോടെ ബധിയിൽ ഒരു പാലം തകർന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചലിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ബാഗേഷ്‍വരിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ബുധനാഴ്ച അവധിയാണ്. ഉത്തരാഖണ്ഡിൽ നിലവിൽ ദുരന്തബാധിത അവസ്ഥയാണെന്നും ഇതുവരെ 1,000 കോടിലേറെ രൂപയുടെ  നാശനഷ്ടങ്ങൾ ഉണ്ടായതായും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.

ജൂൺ 24നു ആരംഭിച്ച കാലവർഷക്കെടുതിയിൽ ഹിമാചലിൽ 227ൽ അധികം പേരാണു മരിച്ചത്. 38 പേരെ കാണാതായി.  12,000 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. പതിനായിരം കോടിയുടെ നാശനഷ്ടങ്ങൾ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe