ഹേമചന്ദ്രൻ വധക്കേസിലെ മുഖ്യപ്രതിയായ നൗഷാദുമായി വയനാട്ടിലും ചേരമ്പാടിയിലും പൊലീസ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നു. പൊലീസ് കസ്റ്റഡിയിലുള്ള നൗഷാദിനെ വ്യാഴാഴ്ച പൊലീസ് വിശദമായി ചോദ്യം ചെയ്തു. തന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത ഹേമചന്ദ്രനെ, സുഹൃത്തുക്കളുടെ സഹായത്തോടെ ചേരമ്പാടിയിൽ എത്തിച്ച് കുഴിച്ചിട്ടു എന്നാണ് നൗഷാദ് നൽകിയ മൊഴി.
റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വനത്തിൽ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിലെ മുഖ്യപ്രതി നൗഷാദിനെ, തെളിവെടുപ്പിനായാണ് വയനാട്ടിലും തമിഴ്നാട് ഗൂഡല്ലൂരിലെ ചേരമ്പാടിയിലുമെത്തിച്ചത്.
ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നാണ് നൗഷാദ് തുടക്കം മുതൽ പറയുന്നത്. ഇത് വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഹേമചന്ദ്രനെ കാണാനില്ലെന്ന പരാതി ലഭിച്ച സമയത്ത് നൗഷാദ് ഉൾപ്പെടെയുള്ളവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. സംഭവവുമായി തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു നൗഷാദ് ഈ സമയം പറഞ്ഞിരുന്നത്. ഹേമചന്ദ്രന് മറ്റുപല ബന്ധങ്ങളും ഉണ്ടെന്നും അത്തരത്തിൽ എവിടെയെങ്കിലും പോയതാകാൻ സാധ്യതയുണ്ടെന്നും ആയിരുന്നു അന്ന് നൗഷാദ് പറഞ്ഞത്. മൊഴികളിലെ ഈ വൈരുധ്യം കൂടുതൽ സംശയങ്ങൾക്ക് വഴിവയ്ക്കുന്നതാണ്. വരുംദിവസങ്ങളിൽ വിശദമായി നൗഷാദിനെയും കൂട്ടുപ്രതികളെയും ചോദ്യംചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ വർഷം മാർച്ച് മാസത്തിലായിരുന്നു ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി പ്രതികൾ കൊലപ്പെടുത്തി, മൃതദേഹം രഹസ്യമായി മറവ് ചെയ്തത്.