ഹേമ കമ്മിറ്റി റിപ്പോർട്ട്; അന്വേഷക സംഘം നിയമനടപടികളിലേക്ക്

news image
Sep 19, 2024, 7:05 am GMT+0000 payyolionline.in

കൊച്ചി> ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണ സംഘം നിയമ നടപടികളിലേക്ക് കടക്കുന്നു. പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ വീണ്ടും മൊഴിയെടുക്കുന്നതിന് കാത്ത് നിൽക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം.

ഗൗരവസ്വഭാവമുള്ള 20 മൊഴികളിൽ പരാതിക്കാരെ കാണും. മൊഴി നല്‍കിയവരുടെ താല്‍പര്യംകൂടി അനുസരിച്ചാകും കേസിന്റെ ആവശ്യകത നിർണ്ണയിക്കുക. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ കേസെടുക്കും.

റിപ്പോര്‍ട്ട് 3896 പേജുകൾ ഉൾപ്പെടുന്നതാണ്. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്തേണ്ടി വരും.

ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിൽ ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നു. കമ്മിറ്റിക്കു മുൻപാകെ സിനിമ മേഖലയിലെ നിരവധിപേർ നൽകിയ മൊഴികൾ അന്വേഷണ സംഘം വിലയിരുത്തി. വിവിധ ഉദ്യോഗസ്ഥരാണ് ഓരോ മൊഴിയും പരിശോധിച്ചത്. മറ്റ് ചില പരാതികളിൽ അന്വേഷണം മുന്നോട്ടു പോകുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികൾ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. റിപ്പോർട്ടുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാർ അടുത്ത മാസം മൂന്നിന് ഹൈകോടതിയെ അറിയിക്കേണ്ടതുണ്ട്. അതിനു മുന്നോടിയായി തുടർനടപടി സ്വീകരിക്കേണ്ടതുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe