തിരുവനന്തപുരം: ഹൈകോടതി അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ. 30,000 രൂപ വരെയുടെ വർധനവാണ് ശമ്പളത്തിൽ വരുത്തിയിരിക്കുന്നത്. സ്പെഷ്യൽ ഗവ.പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്നും 1.50 ലക്ഷം ആക്കി ഉയർത്തി. സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ത്തിൽ നിന്നും 1.40 ലക്ഷവും പ്ലീഡർമാറുടേത് 1 ലക്ഷത്തിൽ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി. മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർധന നൽകിയിരിക്കുന്നത്.
നേരത്തെ പി.എസ്.സി ചെയർമാന്റേയും അംഗങ്ങളുടേയും ശമ്പളം വർധിപ്പിച്ചത് വിവാദമായിരുന്നു. പി.എസ്.സി ചെയർമാന്റെ മാസ വേതനം നാല് ലക്ഷം വരെ ഉയരും. അംഗങ്ങൾക്ക് 2.42 ലക്ഷം ശമ്പളമുള്ളത് 3.4 -3.5 ലക്ഷമായും വർധിക്കും. ശമ്പളവർധനവ് വഴി പ്രതിവർഷം 35 കോടി രൂപഅധിക ബാധ്യതയാണ് സർക്കാറിന് വരുന്നത്.
ജുഡീഷ്യൽ കമീഷന്റെ നിരക്കിന് അനുസൃതമായാണ് പി.എസ്.സിയിലും വർധന വരുത്തിയത്. ചെയർമാന് ജില്ല ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യവും അംഗങ്ങൾക്ക് ജില്ല ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകക്ക് തുല്യവുമാകും പുതുക്കിയ ശമ്പളം. ചെയർമാന്റെ നിലവിലെ അടിസ്ഥാന ശമ്പളമായ 76,460 രൂപ 2,24,100 ആയി ഉയരും. അംഗങ്ങൾക്ക് 70,290 രൂപ അടിസ്ഥാന ശമ്പളമുള്ളത് 2,19,090 ആകും. ചെയർമാന് നിലവിൽ മറ്റ് ആനുകൂല്യങ്ങളും ചേർത്ത് മൊത്തം ശമ്പളം 2.6 ലക്ഷം രൂപയാണ്. പരിഷ്കരണം വഴി ഇത് 3.5 – നാല് ലക്ഷത്തിനിടയിലാകും.
അംഗങ്ങൾക്ക് നിലവിൽ 2.42 ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നത് പരിഷ്കരണം വഴി 3.4 -3.5 ലക്ഷമാകും. സിറ്റിങ് ഫീസ്, യാത്രാബത്ത ഉൾപ്പെടെ ആനുകൂല്യങ്ങളും ലഭിക്കും. ശമ്പളത്തിന് ആനുപാതികമായി പെൻഷനും കൂടും. സർക്കാർ സർവിസിലുള്ളവർക്ക് അതിനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് പെൻഷൻ നിർണയിക്കുക. ശമ്പളം വർധിപ്പിക്കാനുള്ള പി.എസ്.സി ആവശ്യം രണ്ടു തവണ മന്ത്രിസഭ മാറ്റിവെച്ചിരുന്നു.