കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ‘ഹൈറിച്ച് ഓൺലൈൻ ഷോപ്പി’ ഉടമ കെ.ഡി. പ്രതാപൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പാകെ ഹാജരായി. കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി രണ്ടു തവണ ഇ.ഡി. നോട്ടീസ് അയച്ചിരുന്നെങ്കിലും പ്രതികൾ ഹാജരായിരുന്നില്ല. റെയ്ഡിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കെതിരെ ഇ.ഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മുൻകൂർ ജാമ്യം തേടി കലൂരിലെ പ്രത്യേക പി.എം.എൽ.എ കോടതി പ്രതികൾ സമീപിച്ചിരുന്നു. എന്നാൽ, പ്രതികൾ ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകുകയാണ് വേണ്ടതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിലപാട് സ്വീകരിച്ചു.
മണി ചെയിൻ മാതൃകയിലുള്ള ബിസിനസാണ് തങ്ങൾ നടത്തിയതെന്നും എല്ലാ കാര്യങ്ങളും നിയമപരമായി തന്നെയാണ് ചെയ്തിട്ടുള്ളതെന്നും മുൻ എം.എൽ.എയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പ്രേരിതമായ ആരോപണം നടത്തുകയാണെന്നും പ്രതിഭാഗം ആരോപിച്ചു. എന്നാൽ, കേരളത്തിന് അകത്തും പുറത്തും വലിയ തോതിൽ തട്ടിപ്പ് നടന്നതായും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി ബോധിപ്പിച്ചു.
ഹൈറിച്ച് കമ്പനി മാനേജിങ് ഡയറക്ടർ കെ.ഡി. പ്രതാപന്റെയും ഭാര്യയും സി.ഇ.ഒയുമായ ശ്രീനയുടെയും പേരിലുള്ള 212 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി. മരവിപ്പിച്ചിരുന്നു. ക്രിപ്റ്റോ കറൻസി വഴി പ്രതികൾ 850 കോടി തട്ടിയെടുത്തെന്ന് കണ്ടെത്തിയാണ് ഇ.ഡി നടപടി.
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിൽ ഉടമകൾ 2300 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇ.ഡിയുടെ നിഗമനം. കേരളത്തിൽ മാത്രം 1630 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്. കമ്പനി 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി ജി.എസ്.ടി വകുപ്പും കണ്ടെത്തിയിരുന്നു.
പലചരക്ക് ഉൽപന്നങ്ങളുടെ വില്‍പനക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തില്‍ 78 ശാഖകളുമുണ്ട്. ഏതാണ്ട് 1.63 ലക്ഷം ഇടപാടുകാരുടെ ഐ.ഡികള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍തന്നെ അമ്പതോളം ഐ.ഡികള്‍ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നതത്രേ. ലാഭവിഹിതവും മറ്റ് ആനുകൂല്യവും നൽകുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. റെയ്ഡിന് സായുധ സേനയുടെ അകമ്പടിയോടെ ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് ദമ്പതികൾ കടന്നുകളഞ്ഞിരുന്നു.