ഹോട്ടൽ മുറികളിൽ നിന്ന് ഒളിക്യാമറകൾ കണ്ടെത്തുന്ന സംഭവങ്ങളും സ്വകാര്യ വീഡിയോകളും ചിത്രങ്ങളുമെല്ലാം ചോരുന്നതുമെല്ലാം പതിവായി നാമെല്ലാവരും കേൾക്കാറുള്ള കാര്യമാണ്. ഇത് കാരണം ഹോട്ടൽ മുറിയിൽ മനസമാധാനത്തോടെ ഇരിക്കാൻ പലർക്കും കഴിയാറില്ല.
നിങ്ങൾ ഇനിയൊരു ഹോട്ടലിൽ റൂം ബുക്ക് ചെയ്യുമ്പോൾ അവിടെ ഒളിക്യാമറ ഉണ്ടോ എന്ന് സിമ്പിളായി കണ്ടെത്താം. അതിനായി ചെയ്യേണ്ട ചില ടിപ്സാണ് ഇനി പറയാൻ പോകുന്നത്.
നിങ്ങൾ പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കിൽ നിങ്ങളുടെ ഫോൺ മാത്രം ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന ക്യാമറകൾ എങ്ങനെ കണ്ടെത്താമെന്ന് അറിയുന്നത് നിങ്ങൾക്ക് മനസ്സമാധാനം നൽകും. ഇതിനായി ആദ്യം ചെയ്യേണ്ടത് മുറിയിലെ ലൈറ്റുകൾ ഓഫ് ചെയ്ത് ചെറിയ ചുവപ്പ് അല്ലെങ്കിൽ പച്ച വെളിച്ചം എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് പരിശോധിക്കുക. പല ഒളിക്യാമറകളും ഇൻഫ്രാറെഡ് ലൈറ്റുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അവ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെങ്കിലും ഇരുട്ടിൽ മങ്ങിയ നിറത്തിൽ കാണപ്പെടും. അതിനാൽ നിങ്ങൾ എല്ലാ ലൈറ്റുകളും ഓഫ് ചെയ്ത് കർട്ടനുകളും അടച്ച ശേഷം വേണം പരിശോധിക്കാൻ. നിങ്ങളുടെ ഫോണിന്റെ ക്യാമറ ആപ്പ് ഉപയോഗിച്ച് മുറി പതുക്കെ സ്കാൻ ചെയ്യുക. ചെറിയ ചുവപ്പ്, പച്ച അല്ലെങ്കിൽ മിന്നുന്ന ലൈറ്റുകൾ കാണുകയാണെങ്കിൽ അത് ഒരു ഒളിക്യാമറയായിരിക്കാം. പഴയ ഐഫോണുകൾക്ക് ഇൻഫ്രാറെഡ് കണ്ടെത്താൻ കഴിഞ്ഞേക്കില്ല. ഈ സാഹചര്യത്തിൽ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് പരിശോധന നടത്താം.
2) റിഫ്ലക്ഷൻ കണ്ടെത്താൻ നിങ്ങളുടെ ഫോണിന്റെ ഫ്ലാഷ്‌ലൈറ്റ് ഉപയോഗിക്കുക
ക്യാമറ ലെൻസുകൾ പ്രകാശത്തെ പ്രതിഫലിപ്പിക്കും. ഇത് അവയെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും. സ്മോക്ക് ഡിറ്റക്ടറുകൾ, അലാറം ക്ലോക്കുകൾ, അലങ്കാര വസ്തുക്കൾ, എയർ വെന്റുകൾ, പവർ ഔട്ട്‌ലെറ്റുകൾ, ടിവി എന്നിവ പോലെയുള്ള വസ്തുക്കളിൽ നിങ്ങളുടെ ഫോണിന്റെ ഫ്ലാഷ്‌ലൈറ്റ് തെളിക്കുക. അസാധാരണമായ എന്തെങ്കിലും പ്രതിഫലനങ്ങൾ കാണുന്നുണ്ടോ എന്ന് നോക്കുക. ചെറിയ തിളക്കം കണ്ടാൽ അത് ഒരു ഒളിക്യാമറയായിരിക്കാൻ സാധ്യതയുണ്ട്.
3) ഹിഡൻ ക്യാമറ ഡിറ്റക്ഷൻ ആപ്പുകൾ ഉപയോഗിക്കുക
ചില ആപ്പുകൾക്ക് വയർലെസ് ക്യാമറകൾ പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വൻസികൾ കണ്ടെത്താൻ കഴിയും. ഹിഡൻ ക്യാമറ ഡിറ്റക്ടർ (ഐഒഎസ്), ഗ്ലിന്റ് ഫൈൻഡർ (ആൻഡ്രോയിഡ്), അല്ലെങ്കിൽ ഫിംഗ് നെറ്റ്‌വർക്ക് സ്കാനർ പോലെയുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ആപ്പ് ഓപ്പൺ ചെയ്ത ശേഷം മുറി മുഴുവൻ സ്കാൻ ചെയ്യുക. ആപ്പ് സംശയാസ്പദമായ റേഡിയോ ഫ്രീക്വൻസി സിഗ്നലോ മറ്റെന്തെങ്കിലും ഉപകരണമോ കണ്ടെത്തിയാൽ ഇതേ കുറിച്ച് കൂടുതൽ അന്വേഷിക്കുക.
4) സംശയാസ്‌പദമായ ഡിവൈസുകൾ കണ്ടെത്താൻ വൈഫൈ നെറ്റ്‌വർക്ക് സ്‌കാൻ ചെയ്യുക
നിരവധി ക്യാമറകൾ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് അവ വൈഫൈ വഴി കണ്ടെത്താനും കഴിയും. ഇതിനായി ഹോട്ടലിലെ വൈഫൈയുമായി നിങ്ങളുടെ ഫോൺ കണക്റ്റ് ചെയ്യുക. കണക്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളും കാണാൻ ഫിംഗ് അല്ലെങ്കിൽ നെറ്റ്‌വർക്ക് സ്കാനർ പോലുള്ള ആപ്പുകൾ ഉപയോഗിക്കുക. ‘ഐപി ക്യാമറ’ അല്ലെങ്കിൽ ‘വെബ്‌ക്യാം’ പോലെ പേരുകളുള്ള അജ്ഞാത ഡിവൈസുകൾ ലിസ്റ്റിൽ ഉണ്ടോ എന്ന് പരിശോധിക്കുക. ഏതെങ്കിലും ഡിവൈസ് അസ്വാഭാവികമായി തോന്നുകയാണെങ്കിൽ വൈഫൈ ഓഫാക്കി നിങ്ങൾ സംശയിക്കുന്ന ഡിവൈസ് അപ്രത്യക്ഷമായോ എന്ന് നോക്കുക. അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഒരു ഒളിക്യാമറയുടെ സാന്നിധ്യം കണ്ടെത്തി എന്ന് മനസിലാക്കാം.
5) ഫോൺ കോളിലൂടെ പരിശോധിക്കാം
ഒളിക്യാമറകൾ കണ്ടെത്താനുള്ള ഏറ്റവും സാധാരണമായ മാർഗങ്ങളിൽ ഒന്നാണിത്. കാരണം വയർലെസ് ക്യാമറകൾ റേഡിയോ സിഗ്നലുകൾ പുറപ്പെടുവിക്കും. ഇത് ഫോൺ കോളുകളെ തടസ്സപ്പെടുത്തും. ആരെയെങ്കിലും ഫോണിൽ വിളിച്ച് പതുക്കെ മുറിയിൽ ചുറ്റിത്തിരിയുക. ചില സ്ഥലങ്ങളിൽ എത്തുമ്പോൾ കോളുകൾക്കിടയിൽ അസ്വാഭാവികമായ ശബ്ദങ്ങൾ കേൾക്കാൻ സാധിക്കും. ഇത്തരത്തിൽ മുഴക്കമോ അലോസരപ്പെടുത്തുന്ന ശബ്ദങ്ങളോ നിങ്ങൾ കേൾക്കുകയാണെങ്കിൽ സമീപത്ത് ഒരു ഒളിക്യാമറ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. കണ്ണാടികൾ, അലങ്കാര വസ്തുക്കൾ, ടിവി എന്നിവയ്ക്ക് സമീപം നിങ്ങൾക്ക് ഇത് പരീക്ഷിക്കാം.