റസ്റ്റോറന്റുകൾക്കും ഹോട്ടൽ വ്യവസായ മേഖലയ്ക്കും വലിയ ആശ്വാസം പകർന്നു നൽകിക്കൊണ്ട് വാണിജ്യ എൽ.പി.ജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) സിലിണ്ടറുകളുടെ വിതരണത്തിന്മേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ പൂർണ്ണമായും നീക്കി. നിയന്ത്രണങ്ങൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഔദ്യോഗികമായി ഉത്തരവിറക്കുകയും സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച കത്ത് കൈമാറുകയും ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധികൾക്ക് മുൻപുള്ള സാധാരണ നിലയിലേക്ക് വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഇതോടെ മടങ്ങിയെത്തും.
ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ, നിലവിൽ പി.എൻ.ജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കൾ അത് തന്നെ തുടർന്നും ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കടുത്ത പ്രതിസന്ധി നേരിട്ടിരുന്ന ഹോട്ടൽ, റസ്റ്റോറന്റ് വ്യാപാരികൾക്ക് വിപണിയിൽ വാണിജ്യ സിലിണ്ടറുകൾ ഇനിമുതൽ തടസ്സമില്ലാതെ ലഭ്യമാകുമെന്നത് വലിയ രീതിയിൽ തുണയാകും.
