കാസർകോട്: ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച മൻസൂർ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിനി ചൈതന്യ (21) ഒടുവിൽ മരണത്തിന് കീഴടങ്ങി. ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. മൂന്നു മാസം മുമ്പാണ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. അതിഗുരുതര നിലയിൽ ചികിത്സയിലായിരുന്നു.
ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനത്തെ തുടർന്നായിരുന്നു ആത്മഹത്യശ്രമമെന്ന് അന്ന് ആരോപണമുണ്ടയിരുന്നു. ഇതേത്തുടർന്ന് വൻ പ്രതിഷേധമാണ് മൻസൂർ ആശുപത്രി കോമ്പൗണ്ടിൽ വിവിധ സംഘടനകളുടേയും മറ്റും നേതൃത്വത്തിൽ നടന്നിരുന്നത്.
ചൈതന്യയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ ഒരുമാസം മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. 2024 ഡിസംബർ ഏഴിനായിരുന്നു സംഭവം നടന്നത്. ഇതിൽ ഹോസ്റ്റൽ വാർഡന്റെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.