ബാലുശ്ശേരി: വിനോദയാത്ര സംഘം ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചു. ഇന്നലെ വൈകീട്ട് ബാലുശ്ശേരി ടൗണിൽ മാർക്കറ്റിനു മുന്നിലാണ് സംഭവം. തിരൂരിൽനിന്ന് കരിയാത്തുംപാറയിലേക്ക് ഇന്നോവ കാറിൽ പോകുകയായിരുന്ന വിനോദയാത്ര സംഘമാണ് കൊയിലാണ്ടി -താമരശ്ശേരി റൂട്ടിലോടുന്ന ഗ്രെയിസ് ബസിലെ ഡ്രൈവർ കൂട്ടാലിട സ്വദേശി വിനീതിനെ ആക്രമിച്ചത്.
ബസിനു മുന്നിൽ സഞ്ചരിച്ച വിനോദയാത്ര സംഘത്തിന്റെ വാഹനത്തിനു പിന്നിൽനിന്ന് ഹോൺ അടിച്ചതിനെ തുടർന്നുള്ള പ്രകോപനമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.ആക്രമണത്തിൽ പരിക്കേറ്റ വിനീതിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദയാത്ര സംഘത്തിലെ കണ്ടാലറിയാവുന്ന ഒമ്പതു യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.