ഹർഷിന വീണ്ടും സമരത്തിന്; 13ന് സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം

news image
Sep 4, 2023, 3:14 pm GMT+0000 payyolionline.in

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിന വീണ്ടും സമരത്തിന്. ഉടൻ നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ലെങ്കിൽ ഈ മാസം 13ന് സെക്ര​ട്ടേറിയറ്റിന് മുന്നിൽ ഏകദിന സത്യഗ്രഹം നടത്തുമെന്ന് ഹർഷിനയും സമരസമിതി നേതാക്കളും അറിയിച്ചു. ഇന്നലെ കോഴിക്കോട് ചേർന്ന സമരസമിതി യോഗത്തിലാണ് തീരുമാനം. 13ന് നിയമസഭസമ്മേളനം തുടങ്ങുന്നതിനു മുമ്പ് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കണം. 50 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. എവിടെനിന്നാണ് കത്രിക കുടുങ്ങിയതെന്ന് വ്യക്തമല്ലെന്നായിരുന്നു സർക്കാർ നേരത്തെ പറഞ്ഞത്. പൊലീസ് അന്വേഷണത്തിലൂടെ അത് വ്യക്തമായി. ഇനി സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ഹർഷിന ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ 13ന് സമരം തുടങ്ങുമെന്നാണ് നിലപാട്. സമരത്തിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ പങ്കെടുപ്പിക്കുമെന്ന് സമരസമിതി ചെയർമാർ ദിനേശ് പെരുമണ്ണ പറഞ്ഞു.

വിഷയത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജിനു മുന്നിൽ ഹർഷിന നടത്തിയ 104 ദിവസം നീണ്ട സമരം കഴിഞ്ഞ വെള്ളിയാഴ്ച അവസാനിപ്പിച്ചിരുന്നു. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഹർഷിനക്ക് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാരെയും നഴ്സുമാരെയും പൊലീസ് കേസിൽ പ്രതിചേര്‍ത്തതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.

മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം രണ്ടു വര്‍ഷംവരെ തടവ് കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇവരുടെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ അന്വേഷണസംഘം നീക്കം തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികള്‍ക്കും നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കകം ഇവരുടെ അറസ്റ്റ് ഉണ്ടാവുമെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe