കോഴിക്കോട് : 1.907 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ബംഗാൾ സ്വദേശി കോയ്സോർ മിഡ്യ (43) ആണ് പിടിയിലായത്. പണ്ടാരപറമ്പ് പന്തീർപാടത്തു വച്ച് കോഴിക്കോട് സിറ്റി ഡാൻസാഫും ചേവായൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. 15 വർഷമായി കുടുംബമായി കേരളത്തിൽ താമസിച്ച് കെട്ടിട നിർമാണ ജോലി ചെയ്യുന്ന പ്രതി ഇതിന്റെ മറവിലാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ബംഗാളിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച് അതിഥി തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് വിൽപന. പ്രതിയെ അടുത്തറിയാവുന്ന നാട്ടുകാർപോലും കഞ്ചാവ് വിൽപന നടത്തുന്നത് അറിഞ്ഞിരുന്നില്ല. ഡാൻസാഫിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 11 ഗ്രാം എംഡിഎഎയുമായി ഒളവണ്ണ സ്വദേശി ഇർഫാൻ, 50 ഗ്രാം കഞ്ചാവുമായി കൊളത്തറ സ്വദേശി അബ്ദുൽ അസീസ് എന്നിവരെ ഡാൻസാഫ് പിടികൂടിയിരുന്നു. ഡാൻസാഫ് എസ്ഐ മനോജ് എടേടത്ത്, എഎസ്ഐ കെ.അഖിലേഷ്, സരുൺ കുമാർ, ലതീഷ്, തൗഫീഖ്, ചേവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ്, സബ് ഇൻസ്പെക്ടർമാരായ ഏലിയാസ്, അനു, സന്തോഷ് കുമാർ എസ്സിപിഒ പ്രജീഷ്, സിപിഒ ലിവേശ്, ഹോം ഗാർഡ് അനിൽ ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
