കർണാടക വനംവകുപ്പ് മന്ത്രിയായ ഈശ്വർ ഖാൻട്രേയുടെ മകനായ സാഗർ ഖാൻട്രേ ബിദാറിൽ പരാജയപ്പെടുത്തിയത് കേന്ദ്രമന്ത്രി ഭാഗ്വാന്ത് ഖൂബയേയാണ്. ബിദറിൽ നിന്ന് മൂന്നാമൂഴം തേടിയെത്തിയ ഭാഗ്വാന്ത് ഖൂബയെ 1.28 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സാഗർ ഖാൻട്രേ പരാജയപ്പെടുത്തിയത്. സാമൂഹ്യ സുരക്ഷാ മന്ത്രിയായ എച്ച് സി മഹാദേവപ്പയുടെ മകനാണ് ക്യാബിനറ്റ് മന്ത്രിമാരുടെ മക്കളിൽ ഏറ്റവുമധികം ഭൂരിപക്ഷം നേടിയത്. ചാമരാജ്നഗറിൽ നിന്ന് മത്സരിച്ച സുനിൽ ബോസ് ബിജെപി സ്ഥാനാർത്ഥി ബലരാജ് എസിനെ 1.88 ലക്ഷം വോട്ടുകൾക്കാണ് പിന്നിലാക്കി മണ്ഡലം തിരിച്ച് പിടിക്കുകയായിരുന്നു. 2019ലാണ് ഇവിടെ ആദ്യമായി ബിജെപി ഇവിടെ വിജയിച്ചത്. പൊതുമരാമത്ത് മന്ത്രി സതീൽ ജാർഖിഹോളിയുടെ മകളായ പ്രിയങ്ക ജാർഖിഹോളിയാണ് മൂന്നാമത്തെയാൾ. ചിഖോടി മണ്ഡലത്തിൽ നിന്ന് 90834 വോട്ടുകൾക്കാണ് രണ്ടാമൂഴം തേടിയെത്തിയ ബിജെപിയുടെ അന്നാസാഹെബ് ജോല്ലെയെയാണ് പ്രിയങ്ക പരാജയപ്പെടുത്തിയത്.
ക്യാബിനറ്റ് മന്ത്രിമാരുടെ മക്കളിൽ പരാജയപ്പെട്ടവർ ശക്തമായ പോരാട്ടം കാഴ്ച വച്ചാണ് തോൽവി സ്വീകരിച്ചതെന്നും ശ്രദ്ധേയമാണ്. ടെക്സ്റ്റൈൽ മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകളായ സംയുക്ത പാട്ടീൽ മൂന്ന് തവണ എംപിയായ പിസി ഗഡ്ഡിഗൌഡറിനോടാണ് പരാജയപ്പെട്ടത്. പലപ്പോഴും ലീഡ് മാറി മറഞ്ഞ മണ്ഡലത്തിൽ 68399 വോട്ടുകൾക്കാണ് പിസി ഗഡ്ഡിഗൌഡർ ജയിച്ചത്. ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബൾക്കറിന്റെ മകനായ മൃണാൾ മുൻ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടറിനോടാണ് ബെൽഗാമിൽ പരാജയപ്പെട്ടത്. 2004മുതൽ ബിജെപിയുടെ കോട്ടയാണ് ബെൽഗാം.