10 വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃരാജ്യം സന്ദര്‍ശിച്ച് മലാല യൂസഫ്‍സായി

news image
Oct 11, 2022, 11:44 am GMT+0000 payyolionline.in

കറാച്ചി: താലിബാന്‍റെ വധശ്രമം നടന്ന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മലാല യൂസഫ്‍സായി പാകിസ്ഥാനിലെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയ ദുരന്തം നേരിടുന്ന പാകിസ്ഥാനിലെ ദുരന്തബാധിതരെ സന്ദര്‍ശിക്കാനാണ് മലാല സ്വന്തം ജന്മരാജ്യത്തേക്ക് തിരിച്ചെത്തിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് താലിബാന്‍ തീവ്രവാദികള്‍ മലാലയ്ക്ക് നേരെ നിറയൊഴിക്കുമ്പോള്‍ അവള്‍ക്ക് 15 വയസായിരുന്നു പ്രായം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിന്‍റെ പേരിലാണ് താലിബാന്‍ മലാലയെ വെടിവച്ചത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് എതിരാണ് താലിബാന്‍.

വെടിവെപ്പിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മാലലയെ വിദഗ്ദ ചികിത്സയ്ക്കായി ബ്രിട്ടനിലേക്ക് മാറ്റിയിരുന്നു. തുടര്‍ ശസ്ത്രക്രീയകള്‍ക്കും നീണ്ട ചികിത്സയ്ക്കും ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലാല, ആഗോള വിദ്യാഭ്യാസ വക്താവും പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി. ആക്രമണം നടന്നതിന്‍റെ 10-ാം വാര്‍ഷികത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മലാല കറാച്ചിയിലെത്തിയത്. പ്രളയ ദുരിതത്തില്‍ പാകിസ്ഥാന് ഏതാണ്ട് 40 മില്യണ്‍ ഡോളറിന്‍റെ നഷ്ടം നേരിട്ടതായി ലോക ബാങ്കിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്രയും വലിയ നാശനഷ്ടം നേരിട്ട പാകിസ്ഥാന് സഹായമെത്തിക്കുന്നതിന്‍റെ ഭാഗമായാണ് മലാല ഇപ്പോള്‍ മാതൃരാജ്യം സന്ദര്‍ശിക്കുന്നത്.

പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിന്‍റെ ആഘാതത്തിൽ അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിക്കുകയും നിർണായക മാനുഷിക സഹായത്തിന്‍റെ ആവശ്യകത ശക്തിപ്പെടുത്തുകയും ചെയ്തുന്നതിനായാണ് സന്ദര്‍ശനമെന്ന് മലാലയുടെ സന്നദ്ധ സംഘടനയായ മലാല ഫണ്ട് പ്രസ്താവനയിൽ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് ഏതാണ്ട് 8 ദശലക്ഷം ആളുകളാണ് കുടിയൊഴിക്കപ്പെട്ടത്. ഇവര്‍ ഇപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മലാലയുടെ ജന്മഗ്രാമമായ മിംഗോറയില്‍ മാത്രം 28 ബില്യണ്‍ ഡോളറിന്‍റെ നാശനഷ്ടമാണ് പ്രളയം സൃഷ്ടിച്ചത്. മിംഗോറ ഉള്‍പ്പെടുന്ന പാകിസ്ഥാന്‍റെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ താലിബാന്‍ തീവ്രവാദികള്‍ക്ക് നിര്‍ണ്ണായക സ്ഥാനം ഉണ്ടായിരുന്നു. 2014 ലാണ് ഈ മേഖലയില്‍ നിന്നും താലിബാനെ തുരത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി താലിബാന്‍ ഈ മേഖലയില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിച്ച് തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ ഒരു സ്കൂള്‍ ബസിന് നേരെയുണ്ടായ അക്രമണത്തില്‍ ഡ്രൈവര്‍ മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe