10 വയസുള്ള മകന്റെ ശരീരത്തിൽ സെല്ലോ ടേപ്പോട്ടിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എം.ഡി.എം.എ വിൽപന; തിരുവല്ലയിൽ 39കാരൻ പിടിയിൽ

news image
Mar 8, 2025, 10:43 am GMT+0000 payyolionline.in

തിരുവല്ല: 10 വയസുള്ള മകനെ മറയാക്കി സ്കൂൾ വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചുനൽകിയയാൾ പിടിയിൽ. തിരുവല്ല ദീപ ജങ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷമീർ(39) ആണ് പിടിയിലായത്. ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിൽ ആയിരുന്ന മുഹമ്മദ് ഷമീറിനെ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ചുമത്രയിലെ പിതാവിന്റെ വീടായ താഴ്ചയിൽ വീട്ടിൽ നിന്നു പിടികൂടിയത്.

ഇയാളിൽ നിന്നു 3.78 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 10 വയസുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടി കുട്ടിയുടെ ശരീരത്തിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ ഒട്ടിച്ചുവെച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ രീതി എന്ന് ഡിവൈ.എസ്.പി എസ്. ആഷാദ് പറഞ്ഞു.

തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്കൂൾ, കോളജ്, മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നത് മുഹമ്മദ് ഷമീർ ആണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. വിദ്യാർഥികൾ അടക്കം ഉള്ളവരെ ഏജന്മാരാക്കി ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിച്ച നിലയിൽ കൂടുതൽ എം.ഡി.എം.എ ഇയാളുടെ കൈവശമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവൂ. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe