കോട്ടയം: 10,000 രൂപ കൈക്കൂലി വാങ്ങവെ എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. ചാലുകുന്ന് സി.എൻ.ഐ, എൽ.പി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ജോൺ ടി. തോമസാണ് വിജിലൻസിന്റെ പിടിയിലായത്. കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്കെന്ന പേരിലാണ് അധ്യാപികയിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയത്.
കോട്ടയം സ്വദേശിനിയും, മറ്റൊരു സ്കൂൾ അധ്യാപികയായ പരാതിക്കാരിയുടെ, സേവന കാലാവധി റെഗുലറൈസ് ചെയ്യുന്നതിന് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് കോട്ടയം ചാലുകുന്നിൽ പ്രവർത്തിക്കുന്ന സി.എൻ.ഐ, എൽ.പി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ജോൺ ടി. തോമസ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് കൈക്കൂലി നൽകി വേഗത്തിൽ ശരിയാക്കി തരാമെന്ന് പരാതിക്കാരിക്ക് ഉറപ്പ് നൽകി. ഇതിനായി 10,000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു.
ഈ വിവരം പരാതിക്കാരി കോട്ടയം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിനെ അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കോട്ടയം വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി, വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കാത്തുനിന്നു. ഇന്ന് രാവിലെ 11.00 ഓടെ സ്കൂളിൽ വെച്ച് പരാതിക്കാരിയിൽ നിന്നും കൈക്കൂലി വാങ്ങവെ ഹെഡ് മാസ്റ്ററായ സാം ജോണി ടി. തോമസിനെ പിടികൂടിയത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് വരും ദിവങ്ങളിൽ പരിശോധന നടത്തുമെന്നും വിജിലൻസ് അറിയിച്ചു. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.