ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ 101–ാം വിക്ഷപേണത്തിനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ. ഞായറാഴ്ച രാവിലെ 5.59നാണ് പിഎസ്എൽവി സി-61ന്റെ വിക്ഷേപണം. ഇതിനായുള്ള കൗണ്ട്ഡൗൺ സ്പേസ് സെന്ററിൽ ആരംഭിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–09 (റിസാറ്റ് – 1ബി) നെ ആണ് പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കുക. വിക്ഷേപണം നടന്ന് 17 മിനിറ്റിനുള്ളിൽ ഉപഗ്രഹമായ ഇഒഎസ് – 09നെ ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കുമെന്ന് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണം കൂടിയാണ് നാളെ നടക്കാനിരിക്കുന്നത്.
ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09 (റിസാറ്റ്-1ബി). കൃഷി, വനം, ദുരന്തനിവാരണം, നഗര ആസൂത്രണം, ദേശ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ നിർണായകമാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള കാലാവസ്ഥാ ഇമേജിങ് നൽകുന്നതിനും ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ സഹായകരമാകും. നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ റിസോഴ്‌സാറ്റ്, കാർട്ടോസാറ്റ്, റിസാറ്റ്-2ബി തുടങ്ങിയവയുടെ പട്ടികയിലേക്കാണ് ഇഒഎസ്-09 കൂടി ചേർക്കപ്പെടുന്നത്. 5 വർഷമാണ് ഇഒഎസ്-09ന്റെ ആയുസ് പ്രതീക്ഷിക്കുന്നത്.