108 ആംബുലന്‍സ് സേവനം കർണാടക സർക്കാർ ഏറ്റെടുക്കുന്നു; രാജ്യത്ത് ആദ്യം

news image
Nov 12, 2025, 5:52 am GMT+0000 payyolionline.in

ബംഗളൂരു: അടുത്ത ഫെബ്രുവരിയോടെ 108 ആംബുലന്‍സ് സേവനങ്ങളുടെ പൂര്‍ണ നിയന്ത്രണം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഏറ്റെടുക്കും. സര്‍വിസ് പരിശോധിക്കുന്നതിന് മെഡിക്കല്‍ ടെക്നീഷ്യന്‍മാരെ നിയമിക്കാൻ ടെസ്റ്റ് നടത്താനും വകുപ്പ് തീരുമാനിച്ചു. രോഗികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിന് ടെക്നീഷ്യന്‍മാര്‍ ആംബുലന്‍സില്‍ ഉണ്ടായിരിക്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം നിലവില്‍ വരുന്നതെന്ന് മന്ത്രി പറഞ്ഞു.

റോഡ് സുരക്ഷ അതോറിറ്റിയില്‍നിന്ന് 175 ആംബുലന്‍സ് പുതുതായി വാങ്ങുമെന്ന് എമർജൻസി മാനേജ്‌മെന്റ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രഭുദേവ് ​​ഗൗഡ പറഞ്ഞു. ആംബുലന്‍സില്‍ മൊബൈല്‍ ഡേറ്റ ടെര്‍മിനല്‍, ടാബ് ലെറ്റ് ഉപകരണം എന്നിവ സജ്ജീകരിക്കും. ഇതു മുഖേന ഡ്രൈവര്‍മാര്‍ക്കും ടെക്നീഷ്യന്‍മാര്‍ക്കും രോഗികളുടെയും അടുത്തുള്ള ആശുപത്രികളുടെയും ലൊക്കേഷന്‍ മനസ്സിലാക്കാന്‍ സാധിക്കും.

കൂടാതെ, ദേശീയ ടെലി മെഡിസിന്‍ സര്‍വിസായ ഇ-സഞ്ജീവനിയുമായി ആംബുലന്‍സ് ബന്ധിപ്പിക്കും. ഇതിലൂടെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും രോഗി എത്തുന്നതിനു മുമ്പുതന്നെ ആശുപത്രികളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്യാനും സാധിക്കും. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററില്‍ സി ഡാക്കിന്റെ 112 എന്‍.ജി.ഇ.ആര്‍.എസ്.എസ് സോഫ്റ്റ് വെയര്‍ സജ്ജീകരിക്കും. ആംബുലന്‍സ്, അടുത്തുള്ള ആശുപത്രി എന്നിവ മനസ്സിലാക്കാന്‍ സോഫ്റ്റ് വെയര്‍ സഹായിക്കും.

എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലെയും സോഫ്റ്റ് വെയറില്‍ ജിയോ ടാഗ് ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് ജിയോ ടാഗ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്- ഗൗഡ പറഞ്ഞു. ഓരോ ജില്ലകളിലും സുഗമ നടത്തിപ്പിനായി ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കാന്‍ ഏജന്‍സിയെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe