1,11,11,111 രൂപ! ലോറൻസ് ബിഷ്ണോയിയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കർണിസേന

news image
Oct 22, 2024, 5:06 pm GMT+0000 payyolionline.in

ദില്ലി: ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയെ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തിയാൽ വൻതുക പാരിതോഷികം നൽകാമെന്ന് വാ​ഗ്ദാനം. ക്ഷത്രിയ കർണി സേനയാണ് വാ​ഗ്ദാനവുമായി രം​ഗത്തെത്തിയത്. 1,11,11,111 (1.11 കോടി) രൂപ പാരിതോഷികം നൽകാമെന്നാണ് വാ​ഗ്ദാനം ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങൾ വെടിവെച്ചു കൊന്ന പ്രമുഖ രജപുത്ര നേതാവ് സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ മരണത്തിന് പ്രതികാരമായാണ്  പാരിതോഷികം പ്രഖ്യാപിക്കുന്നതെന്ന് ക്ഷത്രിയ കർണി സേനയുടെ നേതാവ് രാജ് ശെഖാവത്ത്  പറഞ്ഞു.

അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ് ബിഷ്‌ണോയി ഇപ്പോൾ കഴിയുന്നത്. അടുത്തിടെ, മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിൻ്റെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിരുന്നു. ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവെപ്പുമായും സംഘത്തിന് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.  ജയ്പൂരിലെ വീട്ടിൽ ചായ കുടിക്കുന്നതിനിടെയാണ് ഗോഗമേദി പട്ടാപ്പകൽ വെടിയേറ്റു മരിച്ചത്.

വെടിവയ്പിൽ ബിഷ്ണോയ് സംഘത്തിലെ നവീൻ സിംഗ് ഷെഖാവത്തും കൊല്ലപ്പെട്ടു. ആക്രമണത്തിന് തൊട്ടുപിന്നാലെ, ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ സംഘങ്ങളുടെ കൂട്ടാളിയായ രോഹിത് ഗോദാ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവം രാജസ്ഥാനിലുടനീളം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗോഗമേദിയുടെ കൊലപാതകത്തെ തുടർന്ന് രാജസ്ഥാൻ പൊലീസ് പ്രധാന പ്രതിയായ അശോക് മേഘ്‌വാളിനെയും മറ്റ് എട്ട് പേരെയും അറസ്റ്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe