കോഴിക്കോട്: ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ കേരള ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. VD 204266 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. പാലക്കാടുള്ള ജസ്വന്ത് എന്ന ഏജന്റിൽ നിന്നും കോഴിക്കോടുള്ള ഏജന്റ് എടുത്ത് വിൽപ്പന നടത്തിയ ടിക്കറ്റാണിത്.
കോഴിക്കോട് ജില്ലയിൽ ആണോ അതോ വേറെ എവിടെ എങ്കിലും ആണോ ഭാഗ്യവാൻ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ടിക്കറ്റ് വിൽപ്പനയിൽ മുൻപന്തിയിൽ പാലക്കാട് ജില്ലയായിരുന്നു. 9, 21,020 ടിക്കറ്റുകളാണ് പാലാക്കാട് നിന്നും തിങ്കളാഴ്ച വൈകുന്നേരം വരെ വിറ്റു പോയത്. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിഷു ബമ്പറിന്റേതായി വിൽപ്പനക്കെത്തിയത്. ഇതില്‍ 42,87,350 ടിക്കറ്റുകളും വിറ്റു പോയിരുന്നു.
വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം 12 കോടിയാണ്. എന്നാൽ ഈ തുക മുഴുവനായും ഭാഗ്യശാലിക്ക് ലഭിക്കില്ല. ഏജന്റ് കമ്മീഷൻ, നികുതി എന്നിവ കഴിഞ്ഞുള്ള തുക ആകും സമ്മാനാർഹന് ലഭിക്കുന്നത്. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജൻ്റ് കമ്മീഷൻ. അതായത് 1.2 കോടി രൂപ. ഈ തുക കുറച്ചാൽ ബാക്കി 10.8 കോടി രൂപ. ഈ തുകയിൽ നിന്നും നികുതി ഈടാക്കും. 30 ശതമാനമാണ് നികുതി. എല്ലാം കഴിഞ്ഞ് 12 കോടി ലഭിക്കുന്ന ഭാഗ്യവാന് കൈയിൽ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.