കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം നിർണായക ഘട്ടത്തിലെന്നും സംസ്ഥാനത്തെ 12 ഓളം ബാങ്കുകളിലും സമാനമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതിയിൽ നൽകിയ അനുബന്ധ സത്യവാങ്മൂലത്തിലാണ് ഇഡിയുടെ വെളിപ്പെടുത്തൽ. കരുവന്നൂരുമായി ബന്ധപ്പെട്ടു ലഭിച്ച മൊഴികളിൽനിന്നു ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ട്. ഇവർക്കടക്കം സമൻസ് അയയ്ക്കാനുള്ള തയാറെടുപ്പിലാണു തങ്ങളെന്നും ഇഡി പറഞ്ഞു. തന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി മുമ്പാകെയുള്ളത്. അലി സാബ്രിയുടെ ഹർജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ ക്രമക്കേടുകൾക്കു തെളിവുണ്ടെന്നും ഇഡി സത്യവാങ്മൂലത്തിൽ പറയുന്നു.
അയ്യന്തോൾ, മാരായമുട്ടം, കണ്ടല, ചാത്തന്നൂർ, മൈലപ്ര, മാവേലിക്കര, തുമ്പൂർ, നടയ്ക്കൽ, കോന്നി റീജനൽ, ബിഎസ്എൻഎൽ എൻജിനീയേഴ്സ്, മൂന്നിലവ്, പെരുങ്കവിള എന്നീ സര്‍വീസ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേടുകൾ നടന്നെന്നു കണ്ടെത്തിയതും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും ഇഡി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ, നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ നിലവിലെ മന്ത്രി പി.രാജീവ് ബാങ്കിനു മേൽ സമ്മര്‍ദ്ദം ചെലുത്തിയതായി ഇക്കഴിഞ്ഞ 15ന് സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇഡി പറഞ്ഞിരുന്നു. ഇതിനുള്ള അനുബന്ധമായാണ് ഇന്നു സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മുമ്പ് കേസ് പരിഗണിച്ചപ്പോൾ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കഴിഞ്ഞ മൂന്നുവർഷമായി കരുവന്നൂർ ബാങ്ക് അന്വേഷണം നടക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇത് അനന്തമായി നീട്ടിക്കൊണ്ടു പോകാൻ പറ്റില്ലെന്നും വ്യക്തമാക്കിയിരുന്നു. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് അംഗത്വ വിതരണം, കെവൈസി, അംഗത്വ റജിസ്റ്റർ സൂക്ഷിക്കൽ, ഇരട്ട അംഗത്വം, കണക്കുകൾ സൂക്ഷിക്കല്‍, സ്വർണ പണയ വായ്പ, ഈട് വയ്ക്കൽ തുടങ്ങിയവയിലെല്ലാം ക്രമക്കേടു നടന്നിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. സ്വർണം ഈടു വച്ചിട്ട് വായ്പ നല്‍കുന്ന പല സംഭവങ്ങളിലും നല്‍കിയിട്ടുള്ളത് മുക്കുപണ്ടങ്ങളാണ്. ബാങ്കിലെ ജോലിക്കാർക്കു സ്വര്‍ണ പണയ വായ്പ നൽകാൻ പാടില്ല എന്ന വ്യവസ്ഥ ലംഘിച്ചു, ബാങ്കിന്റെ പരിധിക്കു പുറത്തുള്ള സ്ഥലങ്ങൾ പോലും വായ്പയ്ക്കുള്ള ഈടായി സ്വീകരിച്ചു, ഈടായി നൽകുന്ന സ്ഥലത്തിന്റെ മതിപ്പുവില കൂട്ടിക്കാണിച്ചു, ഈടുവച്ച് എടുത്തിട്ടുള്ള വായ്പകളിൽ ഭൂരിഭാഗവും തിരിച്ചടച്ചിട്ടില്ല, അവ എല്ലായ്പ്പോഴും പുതുക്കി വയ്ക്കുക മാത്രം ചെയ്തു തുടങ്ങി അനേകം ക്രമക്കേടുകളാണ് ഇഡി തങ്ങളുടെ അനുബന്ധ സത്യവാങ്മൂലത്തിൽ ഉന്നയിച്ചിരിക്കുന്നത്.
പരാതിക്കാരനായ അലി സാബ്രി ഭാര്യയുടെ പേരിലുള്ള സ്ഥലം ഈടുവച്ച ശേഷം വായ്പ എടുത്ത് ആ പണം ഫിക്സഡ് ഡിപ്പോസിറ്റായി അന്നു തന്നെ ഇടുകയാണ് ചെയ്തത്. എന്തിനാണോ വായ്പ എടുത്തത്, അതിനു മാത്രം ഈ പണം ഉപയോഗിച്ചിട്ടില്ല. പൊള്ളാച്ചിയിൽ സ്ഥലം വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമാണ് ഈ പണം ഉപയോഗിച്ചിട്ടുള്ളത്. ഈ സ്ഥലം പിന്നീട് വാടാനപ്പിള്ളി സ്വദേശികളായ ജോസഫിനും ഭാര്യ റോസിക്കും മറിച്ചുവിറ്റു. പൊള്ളാച്ചിയിലെ സ്ഥലത്തിനു പകരമായി അലി സാബ്രിക്ക് ലഭിച്ചത് തൃശൂർ മെഡിക്കൽ കോളജിനടുത്ത് ഒരേക്കർ സ്ഥലമാണ്. പിന്നീട് ഇത് വിറ്റിട്ട് ഗോവിന്ദപുരത്ത് സ്ഥലം വാങ്ങി. ഏറ്റവുമൊടുവിൽ ഇത് വിറ്റിട്ട് ആ പണം പ്രൈം ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് എന്ന തങ്ങളുടെ ബിസിനസില്‍ ഇറക്കുകയായിരുന്നു എന്നും ഇഡി പറയുന്നു.
അലി സാബ്രിക്ക് സ്വന്തം പേരിലും കുടുംബക്കാരുടെയും മറ്റുള്ളവരുടെയും പേരിൽ എല്ലാമായി 6.60 കോടി രൂപയാണ് കരുവന്നൂർ ബാങ്കിൽനിന്ന് വായ്പയായി ലഭിച്ചിട്ടുള്ളത്. ഇത് ഡയറക്ടർ ബോർഡിൽ ഉള്ളവരും ബാങ്കിലെ ചില ഉദ്യോഗസ്ഥരുമായി കൂട്ടു ചേർന്നാണ്. ഈ പണം സ്ഥലം വാങ്ങിയും ബിസിനസിൽ മുടക്കിയും തന്റെ കുറ്റകൃത്യം മറച്ചു വയ്ക്കാന്‍ അലി സാബ്രി ശ്രമിച്ചു. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ് എന്നും ഇഡി പറയുന്നു.