കൊൽക്കത്ത: ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പുരിക്കും സാഗർ ദ്വീപിനും ഇടയിലാണ് ദാന തീരം തൊടുക. മണിക്കൂറിൽ 120 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഒഡീഷയും പശ്ചിമ ബംഗാളും ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്.
ഒഡീഷയിൽ ഒക്‌ടോബർ 24 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീഷ സർക്കാർ സ്‌കൂളുകൾ അടച്ചിടുകയും മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 24 വരെ കടലിൽ പോകുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. വിനോദ സഞ്ചാരികളോടും തീർഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നിരുന്നു.
ഇന്ത്യയുടെ കിഴക്കൻ തീരത്ത് കുറഞ്ഞത് 10 ലക്ഷത്തിലധികം ആളുകളെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറേണ്ട സ്ഥിതിയാണുള്ളത്. 14 ജില്ലകളിലെ 3,000 ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഒഡീഷ സർക്കാർ അറിയിച്ചു. ജനങ്ങൾക്ക് ഭക്ഷണം, കുടിവെള്ളം എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി സുരേഷ് പൂജാരി അറിയിച്ചു.
ദനാ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും അയൽ സംസ്ഥാനമായ പശ്ചിമ ബംഗാളിലും എല്ലാ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 26 വരെ അടച്ചിടും. ഏകദേശം 3,00,000 ആളുകളെ ഒഴിപ്പിച്ചതായും മൂന്ന് ജില്ലകളെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ഒഡീഷ മുഖ്യമന്ത്രി അറിയിച്ചു. പശ്ചിമ ബംഗാളിലെ ചില പ്രദേശങ്ങളിൽ മഴ പെയ്തു തുടങ്ങിയെന്നാണ് റിപ്പോർട്ട്.