കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, കുടിയേറ്റ കള്ളക്കടത്ത്, ഇരകളെ സംരക്ഷിക്കൽ എന്നിവക്കെതിരെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത്. മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി ‘ഒരുമിച്ച് മനുഷ്യക്കടത്ത് തടയുക’ എന്നപേരിൽ സംഘടിപ്പിച്ച കാമ്പയിനിൽ സംസാരിക്കവെ കുവൈത്ത് നീതിന്യായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് ഇക്കാര്യം വ്യക്തമാക്കി. വ്യക്തികളെയും കുടിയേറ്റക്കാരെ കടത്തുന്നതു തടയുന്നതിനുള്ള സ്ഥിരം നാഷനൽ കമ്മിറ്റിയും ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും (ഐ.ഒ.എം) സഹകരിച്ചാണ് കാമ്പയിൻ. വ്യക്തികളെ കടത്തുന്നതിനെതിരെയുള്ള യു.എൻ ലോക ദിനത്തോടനുബന്ധിച്ചാണ് കാമ്പയിൻ ആരംഭിച്ചത്.
മനുഷ്യക്കടത്ത് അന്താരാഷ്ട്രസമൂഹത്തിന്റെ പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. ഇത് മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനതത്ത്വങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടുന്നതായും കമ്മിറ്റിയുടെ ഉപമേധാവി അൽ ഖല്ലാഫ് പറഞ്ഞു.
മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിന് കുവൈത്ത് നിയമം പ്രഖ്യാപിച്ചതായും ഇതിന് 15 വർഷം തടവുമുതൽ വധശിക്ഷവരെ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്ത് സർക്കാർ മനുഷ്യക്കടത്ത് ചെറുക്കുന്നതിനും ഇരകൾക്ക് സാധ്യമായ സംരക്ഷണം നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും അൽ ഖല്ലാഫ് പറഞ്ഞു.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിൽ മേഖലയിലെ രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കുവൈത്തിനെ കുവൈത്തിലെ ഐ.ഒ.എം മിഷൻ മേധാവി മാസെൻ അബുൽ ഹുസൻ അഭിനന്ദിച്ചു. മനുഷ്യക്കടത്ത് നിയമത്തെക്കുറിച്ചും ഭേദഗതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇക്കാര്യത്തിൽ ദേശീയ കമ്മിറ്റിയുടെ പങ്കിനെ അഭിനന്ദിച്ചു. ഈ കുറ്റകൃത്യത്തെ ചെറുക്കുന്നതിനും നിയമങ്ങളും അപ്ഡേറ്റ് ചെയ്യുന്നതിനും കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനത്തിനായി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നതിനും ഐ.ഒ.എം ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.