വാടാനപ്പള്ളി: പതിനഞ്ചുകാരിക്ക് ഷാപ്പിൽ വെച്ച് ആൺസുഹൃത്തിനൊപ്പം കുടിക്കാൻ കള്ള് നൽകിയ സംഭവത്തിൽ അബ്കാരി ആക്ട് ലംഘിച്ച ഷാപ്പ് അടപ്പിച്ചു. ഈ ഷാപ്പ് ഉൾപ്പെടുന്ന ഗ്രൂപ് നാലിന് കീഴിലെ ഏഴ് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. തളിക്കുളം തമ്പാൻകടവിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഷാപ്പിൽനിന്ന് കള്ള് നൽകിയത്.
മദ്യപിച്ച പെൺകുട്ടിയും സുഹൃത്തും സ്നേഹതീരം ബീച്ചിൽ ലക്ക് കെട്ട് ഛർദിച്ച് അവശരായിരുന്നു. കടലിൽ അപകടത്തിൽ പെടുമെന്ന സ്ഥിതിയിൽ പ്രദേശത്തെ വീട്ടമ്മമാർ വിവരം പൊലീസിനെ അറിയിച്ചു. മാനേജർ ഷാപ്പിൽ വെച്ച് കള്ള് വയറ് നിറയെ കുടിക്കാൻ നൽകിയെന്ന് പെൺകുട്ടി പൊലീസിനെ അറിയിച്ചു. തുടർന്ന് ആൺസുഹൃത്തിനെയും കള്ള് ഷാപ്പ് മാനേജരെയും വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലുമായി. പിന്നീട് നടന്ന വിശദ പരിശോധനയിലാണ് അബ്കാരി ആക്ട് ലംഘിച്ച ഏഴ് കള്ളുഷാപ്പുകളുടെ ലൈസൻസ് എക്സൈസ് കമീഷണർ റദ്ദ് ചെയ്തത്.