തട്ടിപ്പുകാരുടെ കോളുകൾ ഇനി എടുക്കേണ്ട, 1600 സീരീസ് നമ്പർ അല്ലെങ്കിൽ ഫോൺ കോൾ ബാങ്ക് തട്ടിപ്പാണ്

news image
Nov 20, 2025, 8:47 am GMT+0000 payyolionline.in

മുംബൈ: ബാങ്കിൽനിന്ന് വിളിക്കുകയാണെന്ന വ്യാജേന ഉപഭോക്താക്കളിൽനിന്ന് രഹസ്യ വിവരങ്ങൾ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള ശ്രമം ഇനി നടക്കില്ല. കാരണം, ബാങ്കുകളും എൻ.ബി.എഫ്.സികളും മ്യൂച്ച്വൽ ഫണ്ട് കമ്പനികളും ഓഹരി ബ്രോക്കർമാരും ഇനി ഉപഭോക്താക്കളെ 1600 എന്ന് തുടങ്ങുന്ന നമ്പറിലായിരിക്കും വിളിക്കുക. അടുത്ത വർഷം ജനുവരി ഒന്നുമുതൽ രാജ്യവ്യാപകമായി ഈ സീരീസ് നമ്പർ സംവിധാനം നിർബന്ധമായും നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ഇടപാട് നടത്തുമ്പോഴും മറ്റു സേവനങ്ങൾ നൽകുമ്പോഴും 1600 എന്ന് തുടങ്ങുന്ന നമ്പറിൽനിന്ന് വിളിക്കണമെന്നാണ് പൊതുമേഖല, സ്വകാര്യ, വിദേശ ബാങ്കുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

വാണിജ്യ ബാങ്കുകളും 5000 കോടി രൂപക്ക് മുകളിൽ ആസ്തിയുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ജനുവരി ഒന്നു മുതലും പേയ്മെന്റ് ബാങ്കുകളും സ്മാൾ ഫിനാൻസ് ബാങ്കുകളും ഫെബ്രുവരി ഒന്ന് മുതലുമാണ് സേവനം നടപ്പാക്കേണ്ടത്. സഹകരണ, ഗ്രാമീണ ബാങ്കുകൾക്ക് മാർച്ച് ഒന്ന് വരെ സമയ പരിധി അനുവദിച്ചിട്ടുണ്ട്.

ധനകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവരുടെ സേവന, ഇടപാട് ഫോൺ കോളുകളെ മറ്റ് വാണിജ്യ ഫോൺ കോളുകളിൽനിന്ന് വ്യക്തമായി വേർതിരിച്ചറിയാൻ വേണ്ടിയാണ് 1600 സീരീസ് നമ്പർ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അനുവദിച്ചത്. ധനകാര്യ സ്ഥാപനങ്ങളിൽനിന്നാണ് വിളിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഈ സീരീസ് സഹയിക്കുമെന്ന് ട്രായ് അറിയിച്ചു. വ്യാജ കോളുകൾ വർധിച്ചതോടെയാണ് പ്രത്യേക സീരീസ് നമ്പറുകൾ നടപ്പാക്കാൻ ട്രായ് രംഗത്തെത്തിയത്. സ്പാം, വ്യാജ കോളുകൾ എന്നിവ തടയുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് ഈ നീക്കം.

2018ലെ ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ ഉപഭോക്തൃ മുൻഗണന നിയന്ത്രണ ചട്ടപ്രകാരം വിവിധ മേഖലകൾക്ക് പ്രത്യേക സീരീസ് നമ്പറുകൾ ട്രായ് നിർബന്ധമാക്കിയിട്ടുണ്ട്. ടെലികോം സേവന ദാതാക്കൾക്ക് സീരീസും നമ്പറുകളും നൽകിയശേഷം 485 സ്ഥാപനങ്ങൾ ഇതിനകം 1600 സീരീസ് നടപ്പാക്കിയെന്നും മൊത്തം 2800ലധികം നമ്പറുകൾ സബ്‌സ്‌ക്രൈബ് ചെയ്‌തതായും ട്രായ് അറിയിച്ചു. അതേസമയം, ഇൻഷൂറൻസ് മേഖലയിലെ കമ്പനികളുടെ സേവന, ഇടപാട് ഫോൺ വിളികൾക്ക് 1600 നമ്പർ ഉപയോഗിക്കുന്ന കാര്യം ഇൻഷൂറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുമായി ചർച്ച നടത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe