ന്യൂഡൽഹി: ആം ആദ്മി പാർട്ടി മൂന്നാംതവണയും അധികാരത്തിലെത്തിയാൽ, 18 കഴിഞ്ഞ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസം 2100 രൂപ നിക്ഷേപിക്കുമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾ നാളെ മുതൽ ആരംഭിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. എന്നാൽ അടുത്ത 10, 15 ദിവസത്തിനകം നിയമ സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ, പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയില്ല.
’നേരത്തേ എല്ലാ സ്ത്രീകൾക്കും ആയിരം രൂപ വീതം നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. പണപ്പെരുപ്പമായതിനാൽ 1000 രൂപ കൊണ്ട് കാര്യമില്ലെന്ന് ചില സ്ത്രീകൾ എന്നോട് പറയുകയുണ്ടായി. അതിനാലണ് 2100 രൂപ നൽകാൻ തീരുമാനിച്ചത്.’-കെജ്രിവാൾ ഒരു പരിപാടിക്കിടെ പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അതിഷിയും കെജ്രിവാളിനൊപ്പമുണ്ടായിരുന്നു. അതിഷിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ കെജ്രിവാളിന്റെ നിർദേശം പാസാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ മാർച്ചിലാണ് മുഖ്യമന്ത്രി സമ്മാൻ യോജനയുടെ കീഴിൽ 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ നൽകുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽ ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയുടെ മാതൃകയിലായിരുന്നു ഇത്.