“2.17 കോടി മൊബൈൽ നമ്പറുകൾ ബ്ലോക്ക് ചെയ്യപ്പെടും, 2.26 ലക്ഷം ഫോണുകൾക്കും വിലക്ക്; കാരണം വെളിപ്പെടുത്തി”

news image
Oct 4, 2024, 8:34 am GMT+0000 payyolionline.in

ദില്ലി: വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്തതും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതുമായ 2.17 കോടി മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ഉന്നത മന്ത്രിതല സമിതിയെ അറിയിച്ചു. ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ 2.26 ലക്ഷം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ബ്ലോക്ക് ചെയ്യാനും തീരുമാനമായിട്ടുണ്ട് എന്ന് ദി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സിം കാര്‍ഡ് എടുക്കാന്‍ കെവൈസി നിര്‍ബന്ധമാക്കുന്നതിന് അതിശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് ടെലികോം മന്ത്രാലയം പറയുന്നു. ‘2.17 കോടി മൊബൈല്‍ കണക്ഷനുകള്‍ വിച്ഛേദിക്കുകയാണ്. വ്യാജമോ തെറ്റായതോ ആയ രേഖകള്‍ സമര്‍പ്പിച്ച് എടുത്ത സിം കണക്ഷനുകളും, സൈബര്‍ ക്രൈം-ഫിനാന്‍ഷ്യല്‍ തട്ടിപ്പുകള്‍ എന്നിവയ്ക്ക് ഉപയോഗിച്ച കണക്ഷനുകളും ആണിവ. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച 2.26 ലക്ഷം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ബ്ലോക്ക് ചെയ്യുകയും ഇതിനൊപ്പം ചെയ്യും’ എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി  വാര്‍ത്തയില്‍ പറയുന്നു.

എല്ലാ രാജ്യാന്തര സ്‌പൂഫ്‌ഡ് കോളുകളും ബ്ലോക്ക് ചെയ്യാന്‍ ടെലികോം സേവനദാതാക്കളോട് മെയ് മാസം ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. നടപടികള്‍ സ്വീകരിച്ചതിന് ശേഷം ഇത്തരത്തിലുള്ള 35 ശതമാനം കോളുകള്‍ ഇപ്പോള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബര്‍ 31ഓടെ എല്ലാ രാജ്യാന്തര സ്‌പൂഫ്‌ഡ് കോളുകളും നിയന്ത്രിക്കാനാകും എന്ന് ടെലികോം മന്ത്രാലയം കണക്കുകൂട്ടുന്നു. 2023 ജനുവരി മുതല്‍ ഒരു ലക്ഷത്തോളം പരാതികളാണ് സൈബര്‍ തട്ടിപ്പുകള്‍ സംബന്ധിച്ച് ഔദ്യോഗിക പരാതി വെബ്‌സൈറ്റ് വഴി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സ്‌പാം കോളുകളും മെസേജുകളും തടയാന്‍ എല്ലാ ടെലികോം കമ്പനികളും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ട്രായ് അടുത്തിടെ രാജ്യത്തെ ടെലികോം സേവനദാതാക്കളോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടെലികോം കമ്പനികള്‍ എഐ ടൂളുകള്‍ ഉപയോഗിച്ച് സ്‌പാമിന് തടയിടാനുള്ള ശ്രമങ്ങളിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe