2000 രൂപ കൂടി.. ഒറ്റയടിക്ക് 86000 ത്തിലെത്തി പവന്‍വില; സ്വര്‍ണം ഇനി സ്വപ്‌നം മാത്രമാകുമോ?

news image
Sep 30, 2025, 5:11 am GMT+0000 payyolionline.in

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. ഇന്നലെ രണ്ട് തവണ കൂടിയ സ്വര്‍ണ വില ഇന്ന് വീണ്ടും കൂടിയതോടെ പവന്‍ സ്വര്‍ണത്തിന് 86000 എന്ന എക്കാലത്തേയും ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണം കുതിച്ചു. ആഗോള വിപണിയിലെ വില വര്‍ധനവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വിപണിയില്‍ ഇന്ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന് 3864 ഡോളറാണ് വില.

ആഗോള സ്വര്‍ണ വിപണിയെ സംബന്ധിച്ചിടത്തോളം 14 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച മാസമാണിത്. യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ ഉണ്ടാകുമെന്ന ആശങ്കകളും കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ഇതിന് പിന്തുണ നല്‍കി. ശക്തമായ സ്‌പോട്ട് ഡിമാന്‍ഡ്, നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍, നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ എന്നിവയാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. സംസ്ഥാനത്തെ ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ നോക്കാം.

 

കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയിരിക്കുന്നത് 130 രൂപയാണ്. ഇതോടെ ഇന്നലെ 10715 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10845 രൂപയില്‍ എത്തി. ഇന്നലെയും ഇന്നുമായി മാത്രം ഗ്രാം സ്വര്‍ണത്തിന് കൂടിയിരിക്കുന്നത് 260 രൂപയാണ്. സമീപകാലത്ത് ഗ്രാം സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഇത്. പവന്‍ വിലയിലും ഇതിന് ആനുപാതികമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ന് മാത്രം 1040 രൂപയാണ് ഒരു പവനില്‍ കൂടിയിരിക്കുന്നത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 86000 എന്ന മാന്ത്രിക സംഖ്യ പിന്നിട്ടു. ഇന്ന് പവന്‍ സ്വര്‍ണം 86760 എന്ന ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെയും ഇന്നുമായി 2080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. നിലവിലെ കുതിപ്പ് തുടര്‍ന്നാണ് ഈ ആഴ്ച തന്നെ പവന്‍ സ്വര്‍ണത്തിന് 90000 രൂപ മറികടക്കും.

 

ആഭരണമായി സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് വിലയിലെ ഈ കുതിപ്പ്. കാരണം ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വില മാത്രം കൊടുത്താല്‍ പോര. ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ്, ജിഎസ്ടി എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണമായി വാങ്ങുന്ന സ്വര്‍ണത്തിന് കൊടുക്കണം. ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും.

സാധാരണയായി 3% മുതല്‍ 5% വരെയാണ് പണിക്കൂലിയായി ഈടാക്കുക. ഇത് പ്രകാരം ഇന്നത്തെ വിലയ്ക്ക് ഒരു പവന്റെ ആഭരണം വാങ്ങിക്കാന്‍ ഏകദേശം 95000-96000 രൂപയെങ്കിലും വരും. ഫലത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഒരു ലക്ഷം രൂപ എന്ന മാജിക്കല്‍ ഫിഗറിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങള്‍ എന്ന് സാരം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് അപ്രാപ്യമാണ് എന്നതില്‍ സംശയമില്ല.

 

അതേസമയം എം സി എക്‌സ് ഗോള്‍ഡ് ഡിസംബര്‍ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 1,17,460 രൂപ എന്ന പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തി. രാവിലെ 9:15 ഓടെ, എം സി എക്‌സ് സ്വര്‍ണം 0.90 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 1,17,375 രൂപ എന്ന നിലയിലും എം സി എക്‌സ് വെള്ളി 0.52 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 1,43,840 രൂപ എന്ന നിലയിലും വ്യാപാരം നടത്തി.

‘സുരക്ഷിത നിക്ഷേപങ്ങള്‍ക്കുള്ള ഡിമാന്‍ഡ്, യു എസ് ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍, ഫെഡറല്‍ റിസര്‍വ് കൂടുതല്‍ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ എന്നിവയ്ക്കിടയിലാണ് വിലയേറിയ ലോഹങ്ങളുടെ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്,’ മേത്ത ഇക്വിറ്റീസിലെ കമ്മോഡിറ്റികളുടെ വൈസ് പ്രസിഡന്റ് രാഹുല്‍ കലാന്‍ത്രി നിരീക്ഷിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe