കോഴിക്കോട്: ബാലുശ്ശേരിയിലെ മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ നിന്നും അരക്കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍ മാനേജര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഡയലോഗ് മൊബൈല്‍ ഗാലറി എന്ന സ്ഥാപനത്തിലെ മാനേജറായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അശ്വിന്‍ കുമാറിനെതിരയാണ്(35) ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ഥാപന ഉടമ കൊടുവള്ളി മുള്ളമ്പലത്ത് ഷംസുദ്ദീനാണ് പരാതിക്കാരന്‍. 2021 മുതല്‍ സ്ഥാപനത്തില്‍ മാനേജറായിരുന്ന പ്രതി പല ഘട്ടങ്ങളിലായി 49,86,889 രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തുകയായിരുന്നു.
വെട്ടിപ്പ് നടന്നെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ഉടമ അശ്വിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി പണം തിരികെ അടയ്ക്കുന്നതിനായി സ്ഥാപനത്തിന് ചെക്കുകള്‍ നല്‍കിയെങ്കിലും അത് ബാങ്കില്‍ നിന്ന് മടങ്ങി. ഇതേ തുടര്‍ന്നാണ് മാനേജ്‌മെന്റ് ബാലുശ്ശേരി പോലീസിലും റൂറല്‍ എസ്.പിക്കും പരാതി നല്‍കിയത്. ഭാരതീയ ന്യായസംഹിത പ്രകാരം വിശ്വാസ വഞ്ചനയും ചതിയും നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.