മുംബൈ: 2024ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം ഇന്ത്യക്കാർക്ക് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 11333 കോടി രൂപയെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈബർ ക്രൈം കോഓഡിനേഷൻ സെന്ററർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇന്ത്യയിൽ നിന്ന് സൈബർ തട്ടിപ്പുകാർ കവർന്ന പണത്തിന്റെ കണക്കുള്ളത്.
2024ൽ 12 ലക്ഷം സൈബർ തട്ടിപ്പ് പരാതികളാണ് സൈബർ വിങ്ങിനും പൊലീസിനും ലഭിച്ചത്. പരാതികളിൽ കൂടുതലും തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, കംബോഡിയ, മ്യാൻമർ, ലാവോസ് എന്നിവിടങ്ങളിൽനിന്നുള്ള തട്ടിപ്പുകാരെ കുറിച്ചുള്ളതാണ്. 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് വരുമാനം വെളുപ്പിക്കാൻ ഉപയോഗിച്ചത്.
സ്റ്റോക്ക് ട്രേഡിങ് അഴിമതികളാണ് സാമ്പത്തിക തട്ടിപ്പുകളുടെ പട്ടികയിൽ ഒന്നാമത്. വ്യാജ ട്രേഡിങ് വഴി 2,28,094 പേരുടെ പണം നഷ്ടമായി.മൊത്തം 4636 കോടി രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വഴി 1616 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. 63,481 പരാതികളാണ് ഈ വിഭാഗത്തിൽ ലഭിച്ചത്.
ക്രിമിനൽ നെറ്റ്‌വർക്കുകളെ തകർക്കുന്നതിനും ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും തെക്ക്-കിഴക്കൻ ഏഷ്യയിൽ നിന്ന് പ്രവർത്തിക്കുന്ന 17,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.