ന്യൂഡൽഹി: മുൻ ജനറൽ മാനേജർ ഉൾപ്പെടെ 21 ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡ്. 25 സ്ഥലങ്ങളിൽ സി.ബി.ഐ ആണ് പരിശോധന നടത്തിയത്.
ഒരു കോൺട്രാക്ടറുമായി ചേർന്ന് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് സി.ബ.ഐ ആരോപിക്കുന്നത്. കേസെടുത്തവരിൽ ബി.എസ്.എൻ.എൽ അസം സർക്കിളിലെ മുൻ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസി. ജനറൽ മാനേജർ, കൂടാതെ ജോർഹത്, ഗുവാഹതി, സിബ്സാഗർ എന്നിവിടങ്ങളിലെ ചീഫ് അക്കൗണ്ട്സ് ഓഫീസർമാർ തുടങ്ങിയവർ ഉൾപ്പെടുന്നു.
അസം, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ഹരിയാന എന്നിവിടങ്ങളിലെ ബി.എസ്.എൻ.എൽ ഓഫീസുകൾ, പ്രസ്തുത ജീവനക്കാരുടെ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. എഫ്.ഐ.ആറിൽ ഒരു സ്വകാര്യ വ്യക്തിയുടെ പേരുമുണ്ട്.