22 കുരുന്നുകളുടെ ജീവനെടുത്ത വിഷമരുന്ന് ഡോക്ടർ വെറുതേ കുറിച്ചതല്ല, കൈനീട്ടി വാങ്ങിയത് ഓരോ ബോട്ടിലിനും 10% കമ്മീഷൻ; മധ്യപ്രദേശ് പൊലീസിന്‍റെ കണ്ടെത്തൽ

news image
Oct 15, 2025, 4:14 pm GMT+0000 payyolionline.in

ഭോപ്പാൽ: മധ്യപ്രദേശിൽ 22 കുരുന്നുകളുടെ ജീവൻ നഷ്ടപ്പെടുത്തിയ വിഷ മരുന്ന് ദുരന്തത്തിൽ ഡോക്ടർക്കെതിരെ പൊലീസിന്‍റെ നിർണായക കണ്ടെത്തൽ. കോൾഡ്രിഫ് കഫ്സിറപ്പ് കുട്ടികൾക്ക് നൽകാൻ നിർദേശിച്ച ഡോക്ടർ പത്ത് ശതമാനം കമ്മീഷൻ കൈപ്പറ്റിയെന്നാണ് മധ്യപ്രദേശ് പൊലീസ് കണ്ടെത്തിയത്. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയത്. പ്രവീൺ സോണിയെന്ന ഡോക്ടറാണ് കമ്മീഷൻ കൈപ്പറ്റി കോൾഡ്രിഫ് കഫ്സിറപ്പ് കുട്ടികൾക്ക് കുറിച്ചത്. ഇയാൾ ഓരോ ബോട്ടിലിനും പത്ത് ശതമാനം വീതം കമ്മീഷൻ കൈപ്പറ്റിയെന്ന നിർണായക കണ്ടെത്തലാണ് പോലീസ് കോടതിയെ അറിയിച്ചത്. കോൾഡ്രിഫ് കഫ്സിറപ്പ് നിർമ്മിച്ച കാഞ്ചീപുരത്തെ ശ്രേഷൻ ഫാർമയാണ് ഡോക്ടർക്ക് കമ്മീഷൻ നൽകിയത്. ഒരു ബോട്ടിലിന് 2.54 രൂപ വീതമാണ് ഡോക്ടർക്ക് കമ്മീഷൻ നൽകിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. 24.54 രൂപക്കാണ് വിപണിയിൽ ഈ മരുന്ന് ലഭ്യമാക്കിയിരുന്നത്.കോൾഡ്രിഫ് കൂടാതെ, ​ഗുജറാത്തിൽ റെഡ്നെസ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച റെസ്പിഫ്രെഷ്, ഷേപ് ഫാർമ നിർമ്മിച്ച റീലൈഫ് എന്നീ മരുന്നുകളിലാണ് ഡൈത്തിലീൻ ​ഗ്ലൈക്കോൾ കണ്ടെത്തിയത്. മരുന്ന് രാജ്യത്തുനിന്നും കയറ്റുമതി ചെയ്തിട്ടില്ലെന്ന് ഇന്ത്യ ലോകാരോ​ഗ്യ സംഘടനയെ അറിയിച്ചിരുന്നു. എന്നാലും അനധികൃത മാർ​ഗങ്ങളിലൂടെ പുറത്തെത്താനുള്ള സാഹചര്യം അടക്കം പരി​ഗണിച്ചാണ് ലോകാരോ​ഗ്യ സംഘടന മാർ​ഗനിർദേശം പുറത്തിറക്കിയത്. കഴിച്ചാൽ ജീവന് പോലും ഭീഷണിയാകുന്ന ഈ മരുന്നുകൾ എവിടെയെങ്കിലും കണ്ടെത്തിയാൽ ഉടൻ വിവരമറിയിക്കാനും, കർശന ജാ​ഗ്രത പുലർത്താനും മുന്നറിയിപ്പിലുണ്ട്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe