മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി 2025 പരീക്ഷയുടെ സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പുറത്തുവിട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. മെയ് നാലിനാണ് പരീക്ഷ. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ neet.nta.nic.in ല്‍ കയറി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
പരീക്ഷ എഴുതാന്‍ അനുവദിച്ചിരിക്കുന്ന സിറ്റി ഏതെന്നുള്ള അറിയിപ്പ് ആണ് സിറ്റി ഇന്റിമേഷന്‍ സ്ലിപ്പില്‍ കൊടുത്തിരിക്കുന്നത്. യാത്രയ്ക്കും പരീക്ഷയുടെ തലേദിവസത്തെ താമസത്തിനുമുള്ള തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി സ്വീകരിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ വേണ്ടിയാണ് സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്കി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. എക്സാം സെന്റര്‍ മേല്‍വിലാസം അടക്കമുള്ള വിവരങ്ങള്‍ അഡ്മിറ്റ് കാര്‍ഡിലാണ് ഉണ്ടാവുക.
മെയ് നാലിന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് മെയ് ഒന്നിന് പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പരീക്ഷയ്ക്ക് 23 ലക്ഷം വിദ്യാര്‍ഥികളാണ് തയ്യാറെടുക്കുന്നത്. ഇന്ത്യയ്ക്കും വെളിയിലുമായി 566 പരീക്ഷാ നഗരങ്ങളിലായി 5000 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ അഞ്ചുമണിവരെയുള്ള മൂന്ന് മണിക്കൂര്‍ നേരമാണ് പരീക്ഷ. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പ് പരീക്ഷാകേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ എത്തിച്ചേരണ്ടതാണ്. വൈകി വരുന്നവരെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതല്ല. ഓഫ്ലൈന് മോഡിലാണ് പരീക്ഷ. 180 മള്‍ട്ടി ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നി വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍ ഉണ്ടാവുക. ഇംഗ്ലീഷ്, ഹിന്ദി അടക്കം 13 ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്.