മലപ്പുറം: എൽഡിഎഫുമായി തെറ്റിപ്പിരിഞ്ഞ പിവി അൻവർ എംഎൽഎയുടെ വീടിന് സുരക്ഷയൊരുക്കി മലപ്പുറം ജില്ലാ പൊലീസ് മേധാവി. അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അൻവർ അപേക്ഷ നൽകിയിരുന്നു.
എടവണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ഒതായിയിൽ അൻവറിന്റെ വീടിനു സമീപത്താണ് പിക്കറ്റ് പോസ്റ്റ് ആരംഭിച്ചത്. ഒരു ഓഫീസർ മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂർ ഡ്യൂട്ടിക്ക് നിയോഗിച്ചു. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവിൽ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂർ സബ് ഡിവിഷനിൽ നിന്നും നിയോഗിക്കുന്നതിനും ഒരു ഉദ്യോഗസ്ഥൻ നിർബന്ധമായും എടവണ്ണ പൊലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
പിക്കറ്റ് പോസ്റ്റിന്റെ പ്രവർത്തനം നിലമ്പൂർ സബ് ഡിവിഷൻ ഓഫീസർ നിരീക്ഷിക്കേണ്ടതും ആവശ്യമായ നിർദ്ദേശങ്ങൾ നൽകേണ്ടതുമാണെന്നും സ്റ്റേഷൻ നൈറ്റ് പട്രോൾ ഉദ്യോഗസ്ഥരും സബ്ഡിവിഷൻ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും എസ്പി ഉത്തരവിട്ടു.