തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബംപർ ടിക്കറ്റ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കി. 500 രൂപയാണു ടിക്കറ്റ് വില. 20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനം. 50 ലക്ഷം വീതം 20 നമ്പറുകൾക്കു മൂന്നാം സമ്മാനം. ഇത്തവണ ആകെ 5,34,670 പേർക്കാണ് സമ്മാനം ലഭിക്കുക. സെപ്റ്റംബർ 20നാണ് നറുക്കെടുപ്പ്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ബംപർ ലോട്ടറി പ്രകാശനം ചെയ്തു. മന്ത്രി ആന്റണി രാജുവും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ നടൻ പി.പി.കുഞ്ഞികൃഷ്ണനും പങ്കെടുത്തു. കഴിഞ്ഞ വർഷം 3,97,911 പേർക്കായിരുന്നു സമ്മാനം. കഴിഞ്ഞ വർഷത്തെ ഓണം ബംപർ ടിക്കറ്റ്, വിൽപനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു; ആകെ 66,55,914 ടിക്കറ്റുകളാണ് വിറ്റത്. തൊട്ടു മുൻവർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ അധികം കഴിഞ്ഞ വർഷം വിറ്റുപോയി.
ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കിയതാണ് ഇത്തവണത്തെ സവിശേഷത. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക് എന്നിവയ്ക്ക് പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ഏജന്റിന് ഒന്നാം സ്ലാബിൽ 96 രൂപ +1 രൂപ ഇൻസെന്റീവും രണ്ടാം സ്ലാബിൽ 100 രൂപ + 1 രൂപ ഇൻസെന്റീവുമാണു ലഭിക്കുക.