‘3 വിദ്യാർത്ഥികൾ ​ഗുരുതരാവസ്ഥയിൽ, ഒരാളുടെ നില അതീവ ​ഗുരുതരം’; മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി മന്ത്രി

news image
Dec 3, 2024, 10:15 am GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. ഇതിൽ ഒരാളുടെ നില അതീവ ​ഗുരുതരമാണ്. മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും എല്ലാ ചികിത്സയും ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി.

മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ സംസ്കാരം ഇന്ന് നടക്കും. ശ്രീദീപിന്റെ സംസ്കാരം പാലക്കാട് ശേഖരീപുരത്ത് നടക്കും. മുഹമ്മദ് അബ്ദുൾ ജബ്ബാറിന്റെ സംസ്കാരം കണ്ണൂർ വേങ്ങരയിലും ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ സംസ്കാരം എറണാകുളം ടൗൺ ജുമാ മസ്ജിദിലും നടക്കും. ദേവനന്ദന്റെ സംസ്കാരം നാളെ കോട്ടയം പാലായിലെ കുടുംബവീട്ടിലായിരിക്കും. ആയുഷ് ഷാജിയുടെ സംസ്കാരം നാളെ കാവാലത്തും നടക്കും.

 

ഇന്നലെ രാത്രിയായിരുന്നു നാാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. അതീവ ദു:ഖകരമായ സംഭവമാണ് ഉണ്ടായത്. അപകടത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും.  പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും ആരോഗ്യ സർവ്വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe