തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. പതിനഞ്ചിന് സഭാ സമ്മേളനം അവസാനിപ്പിക്കാൻ ഇന്ന് ചേർന്ന കാര്യോപദേശക സമിതി തീരുമാനിച്ചു. 18 ന് പിരിയാനായിരുന്നു മുൻ തീരുമാനം. 15 നുള്ളിൽ നിയമനിർമ്മാണ നടപടികൾ തീർക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് അറിയിപ്പ്.
അതേസമയം ഇന്ന് തുടങ്ങിയ നിയമസഭാ സമ്മേളനത്തിൽ വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. വയനാട് പുനരധിവാസത്തിന് കേന്ദ്ര സഹായം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്താണ് ആദ്യ ദിനത്തെ സമ്മേളനം പിരിഞ്ഞിത്. പ്രതിപക്ഷ നേതാവും ഭരണ പ്രതിപക്ഷ നേതാക്കളും കടുത്ത വിമർശനം ഉന്നയിച്ചപ്പോൾ കേന്ദ്ര നയത്തിൽ തൊടാതെയായിരുന്നു മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രസംഗമെന്നതും ശ്രദ്ധേയമായി.