30 രൂപക്ക് തന്നെ ചോറ് വിളമ്പാം; ആശ്വാസത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ; സബ്സിഡി അരി പുനഃസ്ഥാപിച്ചു

news image
Jul 13, 2024, 3:48 am GMT+0000 payyolionline.in
തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കുള്ള സബ്‌സിഡി അരി പുനസ്ഥാപിച്ചു. സബ്‌സിഡി അരി നിർത്തലാക്കിയതോടെ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലായത് ഏഷ്യാനെറ്റ്‌ ന്യൂസ്‌ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തിരുന്നു. കുറഞ്ഞ ചിലവിൽ ഉച്ചഭക്ഷണം അതായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഉദ്ദേശം. എന്നാൽ സബ്‌സിഡി നിരക്കിൽ അരി നൽകുന്നത് സപ്ലൈ കോ നിർത്തലാക്കിയതോടെ ഹോട്ടലുകളുടെ പ്രവർത്തനം തന്നെ താളം തെറ്റി.

കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിൽ പൊതുവിപണിയിൽ നിന്നും അരി വാങ്ങി ഊണു വിളമ്പേണ്ടി വന്നപ്പോൾ ഹോട്ടൽ നടത്തിപ്പുക്കാർ ആകെ പ്രതിസന്ധിയിലായി. മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിനിടയിൽ അരിക്ക് കൂടി സബ്‌സിഡി ഇല്ലാതായതോടെ പ്രയാസത്തിലായ ഇവരുടെ അവസ്ഥ ഏഷ്യാനെറ്റ്‌ ന്യൂസ്‌ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വർഷത്തേക്കാണ് സബ്‌സിഡി പുനസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ വിലവർധനവില്ലാതെ ഇപ്പോൾ കൊടുക്കുന്ന 30 രൂപയ്ക്കു തന്നെ ചോറു വിളമ്പാനാകുമെന്ന ആശ്വാസത്തിലാണ് ഹോട്ടൽ ജീവനക്കാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe