30 വയസായ ഒരാൾക്ക് 45ാം വയസിൽ വിരമിക്കാം അതും മാസം വരുമാനം നേടികൊണ്ട്; എന്താണ് വൈറലാവുന്ന FIRE തിയറി?

news image
Jul 22, 2025, 12:57 am GMT+0000 payyolionline.in

പലരുടെയും സ്വപ്‌നങ്ങളിൽ ഒന്നാണ് ഒരു 40-45 വയസ് ആവുമ്പോഴേക്കും 9-5 ജോലി ചെയ്യുന്നത് ഒക്കെ നിർത്തി മനസിന് ഇഷ്ടപ്പെട്ട രീതിയിൽ യാത്രകളും ആഘോഷങ്ങളുമൊക്കെയായി ജീവിക്കണമെന്നത്. F I R E (Financial Independence Retirement Early) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ രീതിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്.

പലപ്പോഴും ഇതിനായി കരിയറിന്റെ തുടക്കത്തിൽ തന്നെ SIP പദ്ധതിയിൽ ചേരാൻ പലരും നിർദ്ദേശിക്കാറുണ്ട്. എന്നാൽ പലർക്കും വൈകിയായിരിക്കും ഇൻവെസ്റ്റ്‌മെന്റ് ചെയ്യാനുള്ള സാഹചര്യത്തിലേക്ക് ഒക്കെ എത്താൻ സാധിക്കാറുള്ളത്. 30 വയസായ ഒരാൾ അയാളുടെ 45ാം വയസിൽ വിരമിക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നും എത്രയാണ് മാസം ഇൻവെസ്റ്റ് ചെയ്യേണ്ടതെന്നും നോക്കാം.45ാം വയസിൽ 2 കോടി രൂപ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ജോലി ധൈര്യമായി രാജിവെക്കാനും അത് മാസവരുമാനമാക്കി മാറ്റാനും സാധിക്കും ഇതിനായി മുന്ന് വ്യത്യസ്ത നിക്ഷേപ രീതികൾ 30 -ാം വയസ് മുതൽ സ്വീകരിക്കണം. ഇതിനായി SIP, സ്വർണം, പിപിഎഫ് എന്നിങ്ങനെ നിങ്ങളുടെ നിക്ഷേപത്തെ മൂന്നായി തരംതിരിക്കാം. 30 വയസ്സുള്ള ഒരു നിക്ഷേപകന്, 45 വയസ്സിൽ വിരമിക്കുന്നതിന് 2 കോടി രൂപയുടെ ഒരു മൂലധനം താഴെ കാണുന്ന രീതിയിൽ ഉണ്ടാക്കാം. ഇതിനായി മാസം 48,000 രൂപയാണ് വകമാറ്റേണ്ടത്.

1 പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം.

വാർഷിക നിക്ഷേപം 1.5 ലക്ഷം രൂപ കണക്കാക്കി മാസം 12,500 രൂപ പിപിഎഫിൽ നിക്ഷേപിക്കാം. നിലവിലെ സാഹചര്യത്തിൽ 7.1 ശതമാനമാണ് ഇത്തരം നിക്ഷേപത്തിന്റെ റിട്ടേൺ ഉണ്ടാവുക. ആകെ 22,50,000 രൂപയായിരിക്കും നിക്ഷേപിക്കേണ്ടി വരിക എന്നാൽ ഇതിൽ നിന്ന് 18,18,209 രൂപ പലിശയായി ലഭിക്കും. ഇതോടെ 15 വർഷം കഴിയുമ്പോൾ 40.6 ലക്ഷം മെച്യൂരിറ്റി കോർപ്പ്‌സ് ആയി ലഭിക്കും.

2 സ്വർണത്തിലെ നിക്ഷേപം

 

മാസം 12,000 രൂപ സ്വർണത്തിൽ നിക്ഷേപിക്കാം. 10 ശതമാനം വരുമാനം പ്രതീക്ഷിച്ചാൽ തന്നെ ആകെ നിക്ഷേപമായ 21.6 ലക്ഷം രൂപയ്ക്ക് 26.59 ലക്ഷം അധികവരുമാനമായി ലഭിക്കും. 15 വർഷം കഴിയുമ്പോൾ 48.19 ലക്ഷം രൂപയായിരിക്കും മെച്യൂരിറ്റി കോർപ്പ്‌സ് തുക.

3 ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ SIP

 

പിപിഎഫിലെയും സ്വർണത്തിലെയും നിക്ഷേപം വെച്ച് 15 വർഷം കഴിയുമ്പോൾ ഏകദേശം 89 ലക്ഷമായിരിക്കും ലഭിക്കുക ബാക്കിയുള്ള 1.1 കോടി രൂപ ലഭിക്കുന്നതിന് 23500 ആണ് മാസം SIP ഇടേണ്ടത്. 12 ശതമാനം റിട്ടേൺ ഇതിൽ നിന്ന് ലഭിച്ചാൽ ആകെ നിക്ഷേപമായ 42.3 ലക്ഷത്തിൽ നിന്ന് 69.54 ലക്ഷം അധികവരുമാനമായി ലഭിക്കും. ഇതിലൂടെ 1.12 കോടി മെച്യൂരിറ്റി കോർപ്പ്‌സ് ആയി ലഭിക്കും.

ചുരുക്കി പറഞ്ഞാൽ ഏകദേശം 48,000 രൂപയുടെ പ്രതിമാസ നിക്ഷേപ പദ്ധതിയിലൂടെ, ഏകദേശം 86 ലക്ഷം നിക്ഷേപിച്ച് 2 കോടി രൂപ സമാഹരിക്കാൻ സാധിക്കും. ഈ തുക കൃത്യമായി ഒരു മികച്ച SWP (Systematic Withdrawal Plan) യിൽ 30 വർഷത്തേക്ക് നിക്ഷേപിക്കാം. ഇതിലൂടെ മാസം എഴുപതിനായിരം മുതൽ ഒരു ലക്ഷം രൂപവരെ സുരക്ഷിതമായി പിൻവലിക്കാൻ സാധിക്കും. കോർപ്പസിന്റെ 4-6% മാത്രമായിരിക്കും ഇത്. മുപ്പത് വർഷം കഴിയുമ്പോൾ നിങ്ങൾ നിക്ഷേപിച്ച തുകയിൽ വലിയ മാറ്റം ഇല്ലാതെ നിങ്ങൾക്ക് തിരികെ ലഭിക്കുകയും ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe