350 സി.സിയോ അതിന് മുകളിലോ എഞ്ചിന് ശേഷിയുള്ള ബൈക്കുകള്‍ക്ക് 40 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്.
നിലവില്‍ 350 സി.സിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 28 ശതമാനം ജി.എസ്.ടിയും 3 ശതമാനം സെസുമാണ് നല്‍കേണ്ടത്.
എന്നാല്‍ പുതിയ ജി.എസ്.ടി പരിഷ്ക്കാരത്തില്‍ ഇത്തരം ബൈക്കുകളെ ഉയര്‍ന്ന സ്ലാബായ 40 ശതമാനത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
350 സി.സിക്ക് താഴെ എഞ്ചിന് ശേഷിയുള്ള ബൈക്കുകളുടെ നികുതി 18 ശതമാനമായി കുറയും. ഇവക്ക് ഉയര്‍ന്ന സെസ് ഏര്‍പ്പെടുത്താനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. അതേസമയം, 350 സി.സിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് 40 ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ ഇവയുടെ വില കുത്തനെ ഉയരും.
ഇതോടെ ജനപ്രിയ മോഡലുകളായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 650, മിറ്റിയോര്‍ 650, ഹിമാലയന്‍, ഹോണ്ട ഹൈനസ്, ട്രയംഫ് സ്പീഡ് 400, ബജാജ് ഡോമിനോര്‍ 400, കെ.ടി.എം 390 ഡ്യൂക്ക് തുടങ്ങിയ മോഡലുകള്‍ക്കായിരിക്കും തിരിച്ചടി.
എന്നാല്‍ രാജ്യത്ത് വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങളില്‍ 97 ശതമാനവും 350 സിസിയില്‍ താഴെ ഉള്ളവയാണെന്നാണ് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാമിന്റെ കണക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.20 കോടി ബൈക്കുകളാണ് ഈ സെഗ്മെന്റില്‍ പുറത്തിറങ്ങിയത്.
രാജ്യത്ത് ആകെ പുറത്തിറങ്ങിയ സ്കൂട്ടറുകളെല്ലാം 350 സിസിയില്‍ താഴെ ശേഷിയുള്ളവയായിരുന്നു. ഏതാണ്ട് 68.5 ലക്ഷം സ്കൂട്ടറുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറങ്ങിയത്.
സമാന കാലയളവില്‍ 350 സിസിക്ക് മുകളിലുള്ള 1.72 ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിയെന്നും കണക്കുകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ 350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ നികുതി വര്‍ധന ഉപയോക്താക്കളെ കാര്യമായി ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ബുള്ളറ്റിന് വില കുറയും 350 സിസിക്ക് താഴെയുള്ള ബൈക്കുകളുടെ ജി.എസ്.ടി 18 ശതമാനമാക്കിയാല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് റോയല്‍ എന്‍ഫീല്‍ഡാകും. ക്ലാസിക് 350 എന്ന പേരിലാണ് പുറത്തിറങ്ങുന്നതെങ്കിലും 349 സിസിയാണ് മിക്ക ബൈക്കുകളുടെയും എഞ്ചിന് ശേഷി.
1.5 ലക്ഷം രൂപ മുതലാണ് ഇത്തരം ബൈക്കുകളുടെ ശരാശരി ഓണ്‍റോഡ് വില ആരംഭിക്കുന്നത്. നികുതിയില്‍ 10 ശതമാനം കുറവുണ്ടായാല്‍ ആനുപാതികമായി ഓണ്‍റോഡ് വിലയും കുറയും. എന്നാല്‍ നികുതിക്ക് പുറമെ സെസ് ഏര്‍പ്പെടുത്താനോ വാഹന വില ഉയര്‍ത്താനോ ഉള്ള തീരുമാനമുണ്ടായാല്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാകും.