4 ബാങ്കുകൾ ലയിപ്പിക്കാൻ  കേന്ദ്രം ; ജനുവരിയിൽ യോഗം വിളിച്ചു

news image
Dec 20, 2023, 7:16 am GMT+0000 payyolionline.in
ന്യൂഡൽഹി: സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് നാല്‌ ബാങ്കുകളെക്കൂടി ലയിപ്പിക്കാൻ കേന്ദ്രം നടപടി തുടങ്ങി. യൂണിയൻ ബാങ്ക് യൂക്കോ ബാങ്കുമായും  ബാങ്ക് ഓഫ് മഹാരാഷ്ട്ര ബാങ്ക് ഓഫ് ഇന്ത്യയുമായുമാണ്‌ ലയിപ്പിക്കുക. ഇതിന്റെ ഭാഗമായി ജനുവരി രണ്ടിന്‌ മുംബൈയിലും ആറിന്‌ ഗോവയിലും ബാങ്ക്‌ സിഇഒമാരുടെ യോഗം പാർലമെന്റിന്റെ സബോർഡിനേറ്റ്‌ നിയമനിർമാണ സമിതി വിളിച്ചു. കേന്ദ്ര അണ്ടർ സെക്രട്ടറി രമേഷ് യാദവ്‌ റിസർവ്‌ ബാങ്ക്‌ ഗവർണർക്കടക്കം നൽകിയ കത്തിന്റെ പകർപ്പ്‌ പ്രചരിച്ചതോടെയാണ്‌ വിവരം പുറത്തായത്‌. ലയനാനന്തര നടപടി ചർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ്‌ യോഗമെന്ന്‌ രേഖയിൽ വ്യക്തമാക്കുന്നുണ്ട്‌. എന്നാൽ, ലയന നീക്കമില്ലന്നാണ്‌ ധനമന്ത്രാലയത്തിന്റെ വിശദീകരണം. വാർത്തകൾക്ക്‌ പിന്നാലെ ബാങ്കുകളുടെ വിപണിമൂല്യം ഇടിഞ്ഞു.

ചെറിയ ബാങ്കുകളെ വലിയ പൊതുമേഖലാ ബാങ്കുകളിൽ ലയിപ്പിച്ച്‌ പിന്നീട്‌ സ്വകാര്യവൽക്കരണമാണ്‌ ബിജെപി ലക്ഷ്യമെന്നാണ്‌ പ്രധാന ആക്ഷേപം. എൽഐസിയെ ഇൻഷുറൻസ്‌ കമ്പനികളുമായി ലയിപ്പിക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകളും ജനുവരിയിൽ ആരംഭിക്കുമെന്നാണ്‌ വിവരം.  ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് എന്നിവയാകും ലയിപ്പിക്കുക.

അതേസമയം, ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്കിൽ  ഐഡിഎഫ്‌സി, ഐഡിഎഫ്‌സി ഫിനാൻഷ്യൽ ഹോൾഡിങ്‌ എന്നിവ ലയിപ്പിക്കുന്നതിനുള്ള ശുപാർശയ്‌ക്ക്‌ റിസർവ്‌ ബാങ്ക്‌ അംഗീകാരം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe