കാസർകോട്: അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് കേസെടുത്തു. ഇയാളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. രതീശൻ മാത്രമാണ് തട്ടിപ്പിന് ഉത്തരവാദിയെന്ന് ഏരിയ സെക്രട്ടറി വ്യക്തമാക്കി. തട്ടിപ്പ് അറിഞ്ഞപ്പോൾ തന്നെ വിവരം പൊലീസിനെ അറിച്ചെന്നും ഏരിയ സെക്രട്ടറി എം മാധവൻ വിശദമാക്കി.
തട്ടിപ്പ് നടന്ന സംഭവത്തെക്കുറിച്ച് ബാങ്ക് പ്രസിഡന്റ് ആണ് പരാതി നൽകിയിരിക്കുന്നത്. പുറത്തുവന്ന വിവരം അനസരിച്ച് വളരെ വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്. തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കാമെന്നാണ് അന്വേഷണസംഘത്തിന്റെയും നിഗമനം. സ്വർണപണയം ഇല്ലാതെ തന്നെ പല ആളുകളുടെയും പേരിൽ സ്വർണ വായ്പ എടുത്തിട്ടുണ്ട്. മറ്റൊന്ന് പണയം വെച്ച സ്വർണം ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോയിട്ടുണ്ട്. കൂടാതെ അപെക്സ് ബാങ്ക് നൽകിയ പണം ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ പലരീതിയിലുള്ള തട്ടിപ്പുകളാണ് നടത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സെക്രട്ടറിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾ കർണാടകത്തിൽ ഒളിവിൽ കഴിയുന്നു എന്ന നിഗമനത്തിലാണ് പൊലീസ്.