തൃശൂർ: ദേശീയപാതയിൽ കുരുക്കഴിക്കാൻ നടപടി സ്വീകരിക്കുന്നുവെന്ന ഉറപ്പിലാണ് ടോൾ പിരിവ് പുനരാരംഭിച്ചതെങ്കിലും നടപടികളൊന്നും ഇപ്പോഴും ആരംഭിക്കുന്നതിന്റെ ലക്ഷണം പോലുമില്ല. വഴി തിരിച്ചുവിട്ടിടത്തൊക്കെ കുരുക്കും തുടരുകയാണ്. എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി പ്രശ്നപരിഹാരത്തിന് സർക്കാർ തലത്തിൽ അടിയന്തര യോഗം നടത്തുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എന്നെന്ന് ഇപ്പോഴും തീരുമാനമായിട്ടില്ല. പൂരത്തിനു മുൻപ് നടപടികളായില്ലെങ്കിൽ ആ ദിവസം ദേശീയപാത സമ്പൂർണമായി സ്തംഭിക്കും എന്നതാണ് സ്ഥിതി. ബ്ലിങ്ക്ഡ‍് ലൈറ്റുകളും സിഗ്നലുകളും റിഫ്ലക്ടറുകളും ബാരിക്കേഡുകളും സ്ഥാപിക്കുന്നതിനും തിരിച്ചുവിടുന്ന വഴികളുടെ വീതി കൂട്ടുന്നതിനും നടപടി സ്വീകരിച്ചുവരുന്നതായി ദേശീയപാത അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടോൾ പിരിവ് നിർത്തിവയ്പ്പിച്ചുകൊണ്ടുള്ള ഉത്തരവ് കലക്ടർ പിൻവലിച്ചത് ഈ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. എന്നാൽ, ഇവ സ്ഥാപിക്കുന്നതിനോ വഴി വീതി കൂട്ടുന്നതിനോ എന്തെങ്കിലും ചെയ്തിട്ടില്ല. ചിറങ്ങര – കൊരട്ടി– മുരിങ്ങൂർ 6.5 കിലോമീറ്റർ ദൂരം താണ്ടാൻ ഒരു മണിക്കൂർ വേണ്ടിവരുന്നു. ആംബുലൻസുകൾ പോലും കുടുങ്ങിക്കിടക്കുന്നത് പൊലീസ് കാണുന്നില്ല.
വോട്ടൊന്നും വേണ്ടേ നേതാക്കളേ… നട്ടം തിരിഞ്ഞു ജനം; കണ്ട മട്ടില്ലാതെ നേതാക്കൾ
∙ ചാലക്കുടി–പൊങ്ങം മേഖലയിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടരുമ്പോഴും പരിഹാര നടപടികൾ ഫലപ്രദമായില്ല. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള യാത്രക്കാരും നാട്ടുകാരും ഒരുപോലെ യാത്രാദുരിതത്തിന് ഇരകളാകുമ്പോഴും രാഷ്ട്രീയ കക്ഷി നേതാക്കളും പ്രാദേശിക ഭരണകൂടങ്ങളും ജനപ്രതിനിധികളും കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആരോപണം ശക്തം.
ചിറങ്ങരയിലെ അടിപ്പാത നിർമാണം തുടങ്ങിയ ഘട്ടത്തിൽ സമരത്തിനിറങ്ങിയ കോൺഗ്രസും ബിജെപിയും ഉൾപ്പെടെ കക്ഷികൾ ജനത്തിന്റെ തീരാദുരിതമായ ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധമുയർത്താൻ തയാറാകുന്നില്ല. തുടക്കം മുതൽ പ്രതിഷേധത്തിനൊന്നും തയാറല്ലെന്ന നിലപാടിലാണ് ഇടതു കക്ഷികൾ. ജനത്തിന്റെ വോട്ട് പോലും കാര്യമാക്കാതെ മുന്നോട്ടുപോകുകയാണ് രാഷ്ട്രീയക്കാർ. ഇന്നലെയും മുരിങ്ങൂരിലും കൊരട്ടിയിലും ചിറങ്ങരയിലും ഇരു ദിശകളിലേക്കും ഗതാഗതക്കുരുക്കുണ്ടായി. വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടിട്ടും പരിഹാരത്തിനു ശ്രമങ്ങളുണ്ടായില്ല. ദേശീയപാത അതോറിറ്റിയും കാര്യമായ നടപടികൾക്കു മുതിരാത്തതു ജനങ്ങളിൽ ശക്തമായ പ്രതിഷേധത്തിനു കാരണമാണ്.
വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക്: അറുതിയില്ലാതെ യാത്രാദുരിതം
∙പാലക്കാട് ജില്ലാ അതിർത്തിയിൽ വാണിയമ്പാറ മേലേ ചുങ്കത്താണ് അടിപ്പാത നിർമിക്കുന്നത്. അടിപ്പാതയ്ക്കു മുകളിലൂടെ രണ്ടുകിലോമീറ്ററോളം നീളമുള്ള അനുബന്ധ റോഡിനായി പഴയ റോഡ് പൊളിച്ചു നീക്കുന്ന ജോലി തുടരുകയാണ്. അടിപ്പാതയുടെ കോൺക്രീറ്റിങ് പൂർത്തിയായി വരുന്നു. അടിപ്പാത നിർമാണം തുടങ്ങിയതോടെ ആരംഭിച്ച യാത്രാദുരിതം അറുതിയില്ലാതെ തുടരുന്നു. എളനാട്, കണ്ണമ്പ്ര, പഴയന്നൂർ മേഖലകളിൽ നിന്നു ദേശീയപാതയിലേക്കു പ്രവേശിക്കണമെങ്കിൽ കിലോമീറ്ററുകൾ അധികമായി സഞ്ചരിക്കണം.
∙വാഴാനി–പീച്ചി ഇടനാഴി റോഡ് നിർമാണവും മുടിക്കോട് അടിപ്പാത നിർമാണവും ഒരേസമയം നടക്കുന്നതിനാൽ പ്രദേശവാസികൾ യാത്രാദുരിതത്തിൽ വലയുകയാണ്. പാലക്കാട് ഭാഗത്ത് നിന്നു തൃശൂർ ഗവ.മെഡിക്കൽ കോളജിലേക്കും വടക്കാഞ്ചേരി മേഖലയിലേക്കും നൂറുകണക്കിന് ആളുകൾ ആശ്രയിച്ചിരുന്ന മുടിക്കോട് – ചാത്തംകുളം – ചിറക്കാക്കോട് റോഡിലേക്കുള്ള പ്രവേശനമാണ് ഈ ഭാഗം.
∙ മണ്ണുത്തിയിൽ നിന്നു പാലക്കാട് ഭാഗത്തേക്ക് 13 കിലോമീറ്റർ അകലെ കല്ലിടുക്ക് ജംക്‌ഷനിൽ നിർമിക്കുന്ന അടിപ്പാതയുടെ കോൺക്രീറ്റിങ് പൂർത്തിയായി. അടിപ്പാതയ്ക്കുള്ളിലൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പട്ടിക്കാട് മുതൽ കല്ലിടുക്കു വരെ ദേശീയപാതയുടെ തെക്കുവശത്ത് സർവീസ് റോഡ് പൂർണമല്ലാത്തതിനാൽ അടിപ്പാത ഇല്ലാതെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണ്. പാലക്കാട് ഭാഗത്തേക്കു സർവീസ് റോഡിനു വീതി കുറവായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്.
‘കുരുക്കോ, നോ വേ !’എന്ന് ഹൈവേക്കാർ
∙ ദേശീയപാത ആമ്പല്ലൂരിൽ ഇന്നലെയും ഗതാഗതക്കുരുക്ക് രൂക്ഷം. നിർത്തിവച്ച ടോൾ പിരിവ് 22 മണിക്കൂറുകൾക്കുള്ളിൽ പുനരാരംഭിച്ചെങ്കിലും ദേശീയപാതയിലെ യാത്രക്കാർക്ക് കുരുക്കു തന്നെ ബാക്കി. ഇന്നലെ ആമ്പല്ലൂരിലെ വാഹനനിര പുതുക്കാട് വരെ നീണ്ടു. അത്യാസന്ന രോഗികളുമായെത്തുന്ന ആംബുലൻസുകൾ കടന്നുപോകാനാകാതെ വലയുന്നത് നിത്യകാഴ്ചയായി. വിമാനത്താവളത്തിലേക്ക് സമയം കയ്യിൽപ്പിടിച്ച് പോകുന്നത് ഇനി ചിന്തിക്കാനേ വയ്യെന്നാണ് ടാക്‌സി ഡ്രൈവർമാർ പറയുന്നത്.
ഒരു മണിക്കൂർ മുതൽ 2 മണിക്കൂർ വരെ സമയനഷ്ടം പ്രതീക്ഷിക്കണം. സ്ഥിരമായി ജോലിക്കും ബിസിനസുമായി തൃശൂരിൽ നിന്നു കൊച്ചിയിലേക്കും തിരിച്ചും പോകേണ്ടവരുടെ അവസ്ഥയും പരിതാപകരം. ദിനംപ്രതി 50,000 മുതൽ 70,000 വരെ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാത 544ൽ അടിപ്പാത നിർമാണങ്ങൾ നടക്കുന്നിടത്ത് ദേശീയപാത അതോറിറ്റി ഗതാഗതക്കുരുക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ഒരുക്കങ്ങൾ.
പേരാമ്പ്രയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ദേശീയപാതയിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങൾ പേരാമ്പ്ര പെട്രോൾ പമ്പിനു സമീപം എത്തുമ്പോൾ അടിപ്പാതയുടെ സർവീസ് റോഡിലൂടെ പെട്ടെന്ന് ഒരു നിരയിൽ പോകേണ്ട അവസ്ഥയിൽ ഗതാഗതക്കുരുക്കു മുറുകുന്നു. കൂടാതെ കൊടകരയിൽ നിന്ന് സർവീസ് റോഡിലൂടെയും വാഹനങ്ങൾ എത്തുന്നതോടെ കുരുക്കു കൂടുതൽ മുറുകുന്നു.