ന്യൂഡൽഹി∙ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന ശരിവച്ച് ബിബിസി. നികുതി വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി ആദായനികുതി വകുപ്പിന് സന്ദേശം അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരുമാനം കുറച്ചു കാണിച്ചതായി ആദായനികുതി വകുപ്പ് അയച്ച ഇ മെയിലിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്.
ആറു വർഷത്തിനിടെ നടത്തിയത് 40 കോടി രൂപയുടെ വെട്ടിപ്പാണെന്ന് വിലയിരുത്തൽ. വരുമാനം, ബാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ കണക്കുകളല്ല സമർപ്പിച്ചതെന്ന് ബിബിസി മെയിലിൽ ചൂണ്ടിക്കാണിക്കുന്നതായാണ് റിപ്പോർട്ട്. അതുകൊണ്ടു തന്നെ ബിബിസിക്ക് പുതിയ ആദായനികുതി വിശദാംശങ്ങൾ സമർപ്പിക്കേണ്ടി വരും. കൂടാതെ മുൻ കാലങ്ങളിൽ അടയ്ക്കാതെ വെട്ടിച്ച പണത്തിന് അനുപാതികമായ തുക അടച്ച് തുടർ നിയമനടപടികളിൽനിന്ന് മോചിതരാകേണ്ടി വരുമെന്നുമാണ് റിപ്പോർട്ട്.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന പേരിലുള്ള ഡോക്യുമെന്ററി ജനുവരി 17നു ബിബിസി സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.