ആദരാഞ്ജലികളര്‍പ്പിച്ച് നാട്; കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

news image
Jun 15, 2024, 7:42 am GMT+0000 payyolionline.in

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില്‍ മരിച്ച നാലുപേര്‍ക്ക് കൂടി കണ്ണീരോട് വിട നല്‍കി നാട്. നാലു പേരുടെ സംസ്കാര ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്.  കുവൈത്ത് ദുരന്തത്തിൽ മരിച്ച കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസിന്‍റെ സംസ്കാരം ഉച്ചയോടെ പൂര്‍ത്തിയായി. രാവിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. തുടര്‍ന്ന് ആയിരങ്ങളാണ് ലൂക്കോസിന് ആദരഞ്ജലികള്‍ അര്‍പ്പിക്കാൻ വീട്ടിലെത്തിയത്. തുടര്‍ന്ന് ഉച്ചയോടെ വിളച്ചിക്കാല ഐപിസി സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു.

കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിന്‍റെ മൃതദേഹവും വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ആയിരങ്ങളാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. ഉച്ചയ്ക്ക് 12.30ഓടെ മൃതദേഹം നരിക്കല്‍ മാര്‍ത്തോമാ പള്ളിയിലേക്ക് കൊണ്ടുപോയി. നരിക്കല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകള്‍.

കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്‍റെയും സംസ്കാര ചടങ്ങും ആരംഭിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അനീഷ് കുമാറിന്‍റെ മൃതദേഹം രാവിലെ നാട്ടിലേക്ക് കൊണ്ടുവന്നു. കുറുവയിലെ പൊതുദർശനത്തിന് ശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് പയ്യാമ്പലത്തെത്തിച്ചു. പയ്യാമ്പലത്താണ് അനീഷ് കുമാറിന്‍റെ സംസ്കാര ചടങ്ങ് നടക്കുന്നത്. പതിനൊന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. കഴിഞ്ഞ മാസം പതിനറിനാണ് നാട്ടിൽ നിന്ന് തിരിച്ചുപോയത്. കുവൈത്തിൽ സൂപ്പര്‍മാര്‍ക്കറ്റ സൂപ്പര്‍വൈസറായിരുന്നു. ഭാര്യയും രണ്ട് ആൺകുട്ടികളുമുണ്ട്.

കുവൈത്ത് തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് ശശിധരന്റെ മൃതദേഹം രാവിലെയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ ആരംഭിക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. 8 വയസ്സിൽ അച്ഛൻ നഷ്ടമായതാണ് ആകാശ് പഠനം കഴിഞ്ഞ് കുവൈത്തിൽ ജോലി തേടുകയായിരുന്നു, കുടുംബത്തെ ചേർത്ത് പിടിച്ച് ജീവിതം കരുപ്പിടിപ്പിച്ച് തുടങ്ങിയതിനിടെയാണ് അപ്രതീക്ഷിതമായി ആകാശിനെ മരണം തേടിയെത്തുന്നത്.

നാലുപേരുടെയും മൃതദേഹങ്ങൾ ഇന്നലെ നാട്ടിൽ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാൽ ചടങ്ങുകൾ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു. രാവിലെയാണ് മോര്‍ച്ചറിയിൽ നിന്ന് മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചത്.

ഇതിനിടെ, കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഓർത്തഡോക്സ് പള്ളികളിൽ ഞായറാഴ്ച കുർബാനയ്ക്കിടെ പ്രത്യേക പ്രാർത്ഥന നടത്താൻ തീരുമാനിച്ചു.മരിച്ചവരുടെ ആത്മാവിന് നിത്യശാന്തിക്കായും വേർപാടിൻ്റെ വേദനയിൽ കഴിയുന്നവർക്ക് സമാധാനത്തിനായും പാർത്ഥിക്കണമെന്ന് കാതോലിക്ക ബാവ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രത്യേക പ്രാര്‍ത്ഥന നടത്താൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കതോലിക്കാ ബാവാ ആണ് പള്ളികൾക്ക് നിർദേശം നൽകിയത്.

കുവൈത്തില്‍ മരിച്ച മുംബൈ മലയാളി ഡെന്നി ബേബിയുടെ മൃതദേഹം രാവിലെയോടെ മുംബൈയിൽ എത്തിച്ചു. തുടര്‍ന്ന് മോർച്ചറിയിലേക്ക് മാറ്റി. നാളെയായിരിക്കും സംസ്കാരം നടക്കുക. കുവൈത്തിലെ തീപ്പിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവർ ആരുടെയും നില ഗുരുതരമല്ല. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. മൊത്തം 31 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe