കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണം പുരോഗമിക്കുന്നില്ല. ബൈപ്പാസ് കടന്നുപോകുന്ന പന്തലായിനി ഭാഗത്ത് സഞ്ചാര സ്വാതന്ത്ര്യം പൂർണമായും തടസ്സപ്പെടുന്ന സംഭവത്തിൻ്റെ ഭാഗമായി ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പന്തലായിനിയിലെ മൂന്ന് റോഡുകൾക്ക് കുറുകേയാണ് ബൈപ്പാസ് കടന്നു പോകുന്നത്. പന്തലായിനി – വിയ്യൂർ റോഡ്, കാട്ടുവയൽ റോഡ്, കോയാരിക്കുന്ന് റോഡ് എന്നിവയുടെ കുറുകേ ബൈപ്പാസ് കടന്നുപോകുന്നത് ഏകദേശം ഏഴര മീറ്റർ ഉയരത്തിലൂടെയാണ്. ഇതുകാരണം ബൈപ്പാസിന്റെ ഇരുഭാഗത്തുമുള്ള ബൈപ്പാസിന്റെ്റെ കിഴക്കുഭാഗത്തുള്ള (കാട്ടുവയൽ, കൊയാരിക്കുന്ന്, കുമ കൂമൻതോട്, പെരുവട്ടൂർ, നടേരി ഭാഗങ്ങൾ) വലിയൊരു ജനസഞ്ചയത്തിന് കൊയിലാണ്ടി ടൗൺ, പന്തലായിനി അഘോര ശിവക്ഷേത്രം, പന്തലായിനി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ബി.ഇ.എം.യു.പി.സ്‌കൂൾ, ആർ.ശങ്കർ മെമ്മോറിയൽ കോളജ്, ഗുരുദേവ മെമ്മോറിയൽ കോളജ്, മിനി സിവിൽ സ്റ്റേഷൻ, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിലേയ്ക്ക് പോകാനോ, പടിഞ്ഞാറ് വശത്തുള്ളവർക്ക് പെരുവട്ടൂർ യു.പി.സ്‌കൂൾ, അമൃത വിദ്യാലയം, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് പോകാനോ കഴിയാതെ ജനജീവിതം സ്‌തംഭിച്ചു പോകുന്ന സ്ഥിതിയാണിപ്പോൾ.
ഏകദേശം അയ്യായിരത്തോളം വരുന്ന കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ജനകീയ കമ്മിറ്റിയായ ഗതാഗത സംരക്ഷണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. അസി. കലക്ടറും ജില്ലാ കലക്ടറും പദ്ധതി പ്രദേശം സന്ദർശിച്ച് അനുഭാവപൂർണമായ സമീപനം സ്വീകരിച്ചിട്ടും ബൈപ്പാസിൻ്റെ കിഴക്ക് ഭാഗത്തുള്ളവർക്ക് പടിഞ്ഞാറ് ഭാഗത്ത് എത്താൻ കാട്ടുവയൽ റോഡിൽ ഒരു ബോക്‌സ് കൾവെർട്ട് സ്ഥാപിക്കണമെന്ന ഗതാഗത സംരക്ഷണ സമിതിയുടെ ന്യായമായ ആവശ്യം അംഗീകരിക്കാൻ തയ്യാറാകാതെ തടസ്സവാദങ്ങളുമായി മുന്നോട്ട് പോവുകയാണ് നാഷണൽ ഹൈവേ അതോറിറ്റി. ഈ സാഹചര്യത്തിൽ പ്രശ്നം ശക്തമായി ഉയർത്തി കൊണ്ടുവരാൻ വിവിധ സമരമാർഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുകയാണ് ഗതാഗത സംരക്ഷണ സമിതി. സമരപരിപാടികളുടെ തുടക്കമെന്ന നിലയിൽ 2024 ജൂൺ 30ന് ഞാറാഴ്‌ച വൈകുന്നേരം 4 മണിക്ക് പന്തലായിനി കാട്ടുവയൽ റോഡിൽ ബൈപ്പാസ് കടന്നു പോകുന്ന ഭാഗത്താണ് ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ യു.കെ.ചന്ദ്രൻ , പി.ചന്ദ്രശേഖരൻ, മണിശങ്കർ തുടങ്ങിയവർ പങ്കെടുത്തു.