ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓൺലൈൻ വഴിപാടുകൾ, ഡിജിറ്റൽ പണമിടപാടുകൾ, വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്കെടുപ്പ് എന്നിവയിൽ സുതാര്യത ഉറപ്പാക്കാൻ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് കോടതി വിമർശിച്ചു. ഓഡിറ്റിന് ആവശ്യമായ വിവരങ്ങൾ പോലും ലഭിച്ചില്ലെന്നും, 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഫിസിക്കൽ വെരിഫിക്കേഷൻ നടന്നിട്ടില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.
ഭരണ-സാമ്പത്തിക സംവിധാനത്തെ സമഗ്രമായി പഠിക്കാൻ വിദഗ്ധ സ്ഥാപനങ്ങളുടെ സേവനം തേടണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, ഓഡിറ്റിൽ ചൂണ്ടിക്കാട്ടിയ പോരായ്മകൾ, നിലവിലെ സ്ഥിതിഗതികൾ എന്നിവ അറിയിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഗുരുവായൂർ ദേവസ്വം ഓഡിറ്റിന്റെ ചുമതലയുള്ള സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരാകാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി പാത്രങ്ങൾ, കുങ്കുമം എന്നിവയുടെ കണക്കുകൾ കൃത്യമായ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റർ കണ്ടെത്തി.
