തിരുവനനന്തപുരം : സിനിമ നടൻ ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറയില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് എഴുതി നല്കി. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തു.
മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്. അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസെടുത്തത്. മ്യൂസിയം സ്റ്റേഷനിൽ എത്തിച്ചപ്പോൾ ബൈജുവിനെ ബ്രെത് അനലൈസർ പരിശോധനക്ക് വിധേയനാകിയിരുന്നു. ഇതു പോസിറ്റീവ് ആയതോടെയാണ് നടനെ ആശുപത്രിയിൽ എത്തിച്ചത്. ഈ പരിശോധനക്ക് നിയമപരമായ പിൻബലം ഇല്ല. എന്നാൽ വൈദ്യപരിശോധനക്ക് തയ്യാറായില്ലെന്നും മണം ഉണ്ടെന്നുളള ഡോക്ടറുടെ സർട്ടിഫിക്കേറ്റ് മതിയെന്നുമാണ് സിഐ അറിയിക്കുന്നത്.
തുടർന്ന് രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതു ടയർ പഞ്ചറായിരുന്നു. അതിനാൽ ടയര്‍ മാറ്റി ഇട്ട് സ്റ്റേഷനിലേക്ക് കൊണ്ടു വരാൻ ബൈജുവിന്റെ ഡ്രൈവറെ പൊലീസ് വിളിച്ചു വരുത്തി. പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി. പൊലീസ് കാർ മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച ക്യാമാറാമാനെ കൈയേറ്റം ചെയ്യാനും ബൈജു ശ്രമിച്ചു. അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.