48 ഡിഗ്രി സെൽഷ്യസ്; ഇന്ത്യയിലെ ഈ വർഷത്തെ റെക്കോർഡ് താപനില, രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ബാർമറിൽ

news image
May 23, 2024, 9:26 am GMT+0000 payyolionline.in

ജയ്പൂർ: രാജസ്ഥാനിലെ ബാർമറിൽ താപനില 48 ഡിഗ്രി സെൽഷ്യസായി ഉയർന്നു. രാജ്യത്ത് ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. ദില്ലി, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മെയ് 26 വരെ ശക്തമായ ഉഷ്ണതരംഗം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ദില്ലിയിലെ പരമാവധി താപനില ഇന്ന് 43.4 ഡിഗ്രി സെൽഷ്യസായി ഉയരാൻ സാധ്യതയുണ്ട്. ശരാശരി താപനിലയിൽ നിന്ന് മൂന്ന് ഡിഗ്രി വർദ്ധനയാണുണ്ടാവുക. കുറഞ്ഞ താപനില 30.9 ഡിഗ്രി ആയിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദില്ലി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 24 സ്ഥലങ്ങളിൽ ഇന്നലെ പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ രേഖപ്പെടുത്തി.

ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ബാർമറിലാണെങ്കിൽ രണ്ടാമതുള്ളത് ഹരിയാനയിലെ സിർസയാണ്- 47.7 ഡിഗ്രി സെൽഷ്യസ്. പഞ്ചാബിലെ ഭട്ടിൻഡയിൽ 46.6 ഡിഗ്രി, ഗുജറാത്തിലെ കണ്ട്‌ലയിൽ 46.1 ഡിഗ്രി, മധ്യപ്രദേശിലെ രത്‌ലാമിലും ഉത്തർപ്രദേശിലെ ഝാൻസിയിലും 45 ഡിഗ്രി, മഹാരാഷ്ട്രയിലെ അകോലയിൽ 44.8 ഡിഗ്രി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൂടിയ താപനില. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശിന്‍റെ വടക്കുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചു.

അതേസമയം കേരളം, തമിഴ്‌നാട്, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ എയർ ഇന്ത്യയുടെ മൂന്ന് സർവ്വീസുകള്‍ റദ്ദാക്കി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe