5 മാസമായി ജയിലിൽ; ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ 12 ന് സുപ്രീംകോടതി പരിഗണനയ്ക്ക്, കടുത്ത നിലപാടുമായി ഇഡി

news image
Jul 7, 2023, 11:33 am GMT+0000 payyolionline.in

ചെന്നൈ : ലൈഫ് മിഷൻ അഴിമതിക്കേസിൽ കഴിഞ്ഞ അഞ്ച് മാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഈ മാസം പന്ത്രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെന്ന ശിവശങ്കറിന്‍റെ ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ലൈഫ് മിഷൻ അഴിമതിക്കേസിലെ കിംങ് പിൻ ശിവശങ്കറാണെന്നാണ് ജാമ്യ ഹർജിയെ എതിർത്ത് വിവിധ കോടതികളിൽ ഇഡി നിലപാടെടുത്തത്. എന്നാൽ സ്വപ്ന സുരേഷ് അടക്കമുളള കൂട്ടു പ്രതികളുടെ മൊഴികൾ മാത്രം കണക്കിലെടുത്താണ് ശിവശങ്കറിനെതിരെ കുറ്റം ചുമത്തിയതെന്നാണ് എതിർ വാദം.

ലൈഫ് മിഷൻ അഴിമതിക്കേസിൽ കോഴപ്പണം നേരിട്ട് നൽകിയവരും നേരിട്ട് വാങ്ങിയവരും പുറത്തുനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ തുടരുന്നത്. കഴിഞ്ഞ ഫെബ്രുവരി 14 ന് അറസ്റ്റിലായ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക ഇഡി കോടതിയും ഹൈക്കോടതിയും തളളിയിരുന്നു. ഇതിനെതിരെ ശിവശങ്കർ കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതിയിൽ നൽകിയ ഹർജിയാണ് ഈ മാസം പന്ത്രണ്ടിന് പരിഗണിക്കുക. ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെങ്കിൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഇടക്കാല ജാമ്യമെന്ന ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തളളി.

കടുത്ത ശാരീരികാസ്വസ്ഥതകൾ ഉണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും അറിയിച്ച് ശിവശങ്കർ നൽകിയ രണ്ടാമത്തെ ഇടക്കാല ജാമ്യഹർജിയാണ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുളളത്. മെഡിക്കൽ റിപ്പോർട് അനുസരിച്ച് ശിവശങ്കറിന് ജാമ്യം അനുവദിക്കാവുന്നതാണെന്ന് സിംഗിൾ ബെഞ്ച് പരാമർശിക്കുകയും ചെയ്തു. എന്നാൽ മുൻപ് ഹർജി പരിഗണിച്ച ബെഞ്ച് തന്നെ രണ്ടാംതവണയും സമാന ഹർജി പരിഗണിക്കണമെന്ന് ഇഡി നിലപാട് എടുത്തതോടെയാണ് കോടതി പിൻമാറിയത്. ചീഫ് ജസ്റ്റീസ് നിശ്ചിക്കുന്ന മറ്റൊരു ബെഞ്ചാണ് ഹർജി കേൾക്കേണ്ടത്. ശിവശങ്കറിനെതിരെ ഇഡി ഉയർത്തിയ കടുത്ത ആരോപണമാണ് ജാമ്യഹർജികളിൽ തിരിച്ചടിയായത്

ലൈഫ് മിഷൻ അഴിമതിക്കേസിലെ കിംങ് പിൻ ശിവശങ്കറാണെന്നും ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്നുമാണ് ഇഡി വാദം വടക്കാഞ്ചേരി മാത്രമല്ല മറ്റു ജില്ലകളിലും കമ്മീഷൻ അടിസ്ഥാനത്തിൽ ലൈഫ് പദ്ധതിക്ക് ശിവശങ്കർ ഗൂഢാലോചന നടത്തിയെന്നും ഇഡി ആരോപിക്കുന്നു. ചാർ‍ട്ടേ‍ഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ പ്രതികളായ സന്തോഷ് ഈപ്പൻ , സരിത്, സ്വപ്ന എന്നിവരുടെ മൊഴിയും ഇഡി കോടതിയിൽ നിരത്തുന്നുണ്ട്.

വിചാരണ ഉടൻ തുടങ്ങുന്നതിനാൽ ശിവശങ്ക‍ർ പുറത്തിറങ്ങുന്നത് കേസിനെ ബാധിക്കും, ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് സ്വർണക്കളളക്കടത്തുകേസിൽ ജാമ്യം നേടി ശിവശങ്കർ തൊട്ടുപിന്നാലെ ജോലിയിൽ പ്രവേശിച്ചുവെന്നും കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും ഇഡി ആരോപിക്കുന്നു. എന്നാൽ പ്രതികളുടെ മൊഴികൾ മാത്രം കണക്കിലെടുത്താണ് ഈന കുറ്റപത്രമെന്നും ശിവശങ്കറിന്‍റെ ജാമ്യ ഹർജിയെ ഇ ഡി എതിർക്കുന്നത് കേസ് പൊളിയുമെന്ന ഭയം കൊണ്ടാണെന്നുമാണ് എതിർ വാദം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe